ഭീകരതയുടെ മുഖങ്ങൾ

എന്താണ് ഭീകരത?  എന്താണ് ഭീകരാക്രമണം?

ചരിത്രത്തിലുടനീളം നിലവിലുള്ള ഭരണകൂടത്തിനും ഭരണസംവിധാനത്തിനുമെതിരെ വെല്ലുവിളികളുയർത്തി അക്രമങ്ങളഴിച്ചുവിട്ട പല സംഘടനകളുമുണ്ട്.  കാലപ്പഴക്കത്തിൽ അവയുടെ നേതാക്കൾ പലരും ചെഗുവേരയെപ്പോലെയോ യാസിർ അറാഫത്തിനെപ്പോലെയോ, നെൽസൺ മണ്ഡേലയെപ്പോലെയോ  ലോകത്തിന്റെ നായകസങ്കൽപ്പത്തിലേക്കുയരുന്നതും നാം കാണുന്നതാണ്.  ചുരുക്കത്തിൽ പരാജയപ്പെടുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ തീവ്രവാദികളും വിജയിക്കുന്നവയുടെ നേതാക്കൾ ലോകത്തിന്റെ  ആദരണീയരുമായി മാറുന്നു.

ഭീകരത എന്ത് എന്നതിനെക്കുറിച്ച് ഒരു definition നൽകുക അത്ര എളുപ്പമല്ല.  ലീഗ് ഓഫ് നേഷൻസിൻറെ നിർവചനം: "ഒരു പ്രത്യേക വ്യക്തിയുടെയോ, ഗ്രുപ്പിന്റെയോ സമൂഹത്തിന്റെയോ ഉള്ളിൽ ഭയം ഉളവാക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടത്തിനും, രാഷ്ട്രത്തിനുമെതിരായി നടത്തപ്പെടുന്ന ക്രൂരമായ കുറ്റകൃത്യമാണ് ഭീകരത."

തീവ്രവാദവും ഭീകരതയും ചരിത്രത്തിലുടനീളമുണ്ടായിരുന്ന.  മഹാഭാരതത്തിൽ പഞ്ചപാണ്ഡവന്മാരെ നിഗ്രഹിക്കുവാൻ അരക്കില്ലാത്തതിന് തീയിട്ട കൗരവരും, പഴയ നിയമത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ വിശദീകരിക്കുന്ന ഈജിപ്തുകാർക്കെതിരെയുള്ള പത്തു  മാരികളും ഭീകരാക്രമണത്തിന്റെ ഗണത്തിൽ വരുമോയെന്നു ചിന്തിക്കുന്നത് ഉചിതമാണ്.

ആധുനിക ലോകത്തെ ഭീകരതയെപ്പറ്റി ചിന്തിക്കുമ്പോൾ നമുക്ക് മുന്പിലുയരുന്ന ബിംബങ്ങൾ ഇസ്ലാം ഭീകരതയും, കത്തിയെരിയുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളുമാണ്.  എന്നാൽ ഭീകരപ്രവർത്തനവും ഭീകരാക്രമണവും ഇസ്ലാമിന്റെ മാത്രം കുത്തകയാണോ?

ഇന്ത്യയും ഇന്ത്യൻ വംശജരും പുതിയ ഭീകരാക്രമണ തന്ത്രങ്ങൾ മെനയുന്നതിലും അവ പ്രയോഗിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. 
സ്വതന്ത്ര്യസമരസേനാനികളായിരുന്ന ഭഗത്സിങ്ങിനെ തീവ്രവാദിയായി വിശേഷിപ്പിച്ചുകൊണ്ട് എഴുതിയ പുസ്തകം വിവാദമായിരിക്കുന്നത്  അടുത്തകാലത്താണ്. സ്വതന്ത്ര്യത്തിനുവേണ്ടി സായുധയുദ്ധത്തിനു ശ്രമിച്ച ചന്ദ്രബോസിനെയും തെറ്റായി ചിത്രീകരിക്കുവാൻ ചില കുബുദ്ധികൾ ഒരുമ്പെടാതിരുന്നില്ല.

ആധുനിക ഭീകരാക്രമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എയർ ഇന്ത്യ ഫ്ളൈറ്റ് നമ്പർ. 182 നു 1985 June 23 നുണ്ടായ ദുരന്തമാണ്.  307 യാത്രക്കാരും  22 ജീവനക്കാരുമായി June 23 നു കാനഡയിലെ മോൺഡ്രിയ ലിൽ നിന്ന് ഡൽഹിക്കു പറന്ന Boing 747 Jumbojet വിമാനം അയർലന്റിനു സമീപം അറ്റ്ലാൻറ്റിക് സമുദ്രത്തിൽ പതിക്കുകയായിരുന്നു. ഏതാണ്ട് 9500 മീറ്റർ ഉയരത്തിൽ പറന്നിരുന്ന വിമാനം ബോംബുസ്ഫോടനത്തെത്തുടർന്നാണ് തകർന്നതെന്ന് പിന്നീട് കണ്ടെത്തി.

ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ മുന്നേറ്റത്തിൽ സുവർണക്ഷേത്രം ഭാഗികമായി നശിപ്പിച്ചു എന്നാരോപിച്ചാണ് അതിനു പ്രതികാരമെന്നോണം സിക്ക് തീവ്രവാദി സംഘടനയായ "ബാബർ ഖൽസ" യായിരുന്നു ഈ അക്രമത്തിനു പിന്നിലെന്നാണ് കനേഡിയൻ പോലീസ് കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട്  കനേഡിയൻ പൗരനായ ഇൻഡർജിത് സിങ് റിയത്തിനെ മാത്രമാണ് കുറ്റക്കാരനായി കണ്ടെത്തുവാനായത്. (പഴയ നിരങ്കാ രി -അഖണ്ഡ കിർത്താരി ജാഥ ഗ്രുപ്പുകൾ തമ്മിലുള്ള സംഘര്ഷത്തിനുശേഷം വളർന്നു വന്ന ഭീകര സംഘടനയാണ് ബാബർ ഖൽസ.  നിരന്കാരി ഗ്രൂപ്പ് തലവൻ ബാബ ഗുരുബച്ചൻ സിങിന്റെ കൊലപാതകത്തെത്തുടർന്നാണ് ബാബർ ഖൽസയുടെ പിറവിയെന്നു പറയാം.)

ഓഷോയെന്ന രജനീഷ്.

പ്രശസ്ത ഇന്ത്യൻ ചിന്തകനും, സന്യാസിയും, മതസ്ഥാപകനുമായ രാജനീഷും അനുയായികളും യുണൈറ്റഡ് സ്റെറ്സിലെ  വാസ്കോ കൗണ്ടിയിലെ (പോപുലേഷൻ 25000) ഡള്ളാസിൽ താമസമാക്കുകയും (ജനസംഖ്യ 13000 ) രജനീഷ്‌പുരം എന്നൊരു ടൗൺഷിപ്പ് സ്ഥാപിക്കുകയും ചെയ്തു. 1984 ൽ വാസ്കോ കൗണ്ടിയിലേക്കുള്ള ഇലക്ഷനിൽ ൨ രജനീഷ് അനുയായികളും സ്ഥാനാർത്ഥികളായി.  തങ്ങളുടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടാലോ എന്ന ഭീതിയിൽ രജനീഷ്‌പുരം കാർ തങ്ങളുടെ ലബോറട്ടറിയിൽ വയറിളക്കം വരുത്തുന്ന സാൽമൊണെല്ല ബാക്ടീരിയകളെ വളർത്തിയെടുത്ത് ടൗണിലെ ഹോട്ടലുകളിൽ വിളമ്പാൻ തയ്യാറാക്കിവച്ചിരുന്ന സലാഡുകളുടെ മേൽ തളിക്കുകയും ൭൫൧ പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. രജനീഷ് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുകയും മാ ഷീല അടക്കമുള്ള 13 പേരിൽ കുറ്റം ചാരി രക്ഷപെടുകയുമാണുണ്ടായത്.

2001ലെ ആന്ത്രാക്സ് ആക്രമണം

 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഒരാഴ്ചയ്ക്കുശേഷം ആണ്  അമേരിക്കയിൽ വാഷിങ്ടൺ ഡീസി അടക്കമുള്ള സ്ഥലങ്ങളിലെ പല  അഡ്രസ്സുകളിലേക്ക് ആന്ത്രാക്സ് വൈറസ് അടങ്ങിയ  പോസ്റ്റ് പായ്ക്കറ്റുകൾ എത്തിയത് ഇതേ  തുടർന്നു  68 പേർ അസുഖ ബാധിതരാവുകയും അതിൽ അഞ്ച് പേർ മരണമടയുകയും ചെയ്തു അൽ ക്വയിദയും  ഒസാമ ബിൻ ലാദനുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന്  കരുതുന്നുണ്ടെങ്കിലും അത് തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല,

ലോക്കർബി

1988 ഡിസംബർ 21ന് പാൻ അമേരിക്കൻ വിമാനം `ക്ലിപ്പർ മെയ്‌ഡ്‌ ഓഫ് ദ സീസ് ` സ്കോട്ട്ലൻഡിലെ  ലോക്കർബി നഗരത്തിനു മുകളിൽ വച്ച് തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്നു 243 യാത്രക്കാരും 16 ജീവനക്കാരും, തകർന്നുവീണ വിമാനങ്ങൾ തട്ടി 11 പേരും അടക്കം 270 പേരാണ്  ഈ അപകടത്തിൽ മരണമടഞ്ഞത്, ലിബിയൻ നേതാവ് മുമ്മാർ ഗദ്ദാഫി ആണ് ഈ  ബോംബാക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.  എങ്കിലും ഗദ്ദാഫി യൂറോപ്പിനു  കൈമാറിയ ലിബിയൻ ഇന്റലിജൻസ് ഓഫീസർ മെഗ്രാഹി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്, 2009ൽ ക്യാൻസർ ബാധിച്ച ഇയാളെ മാനുഷിക പരിഗണന വച്ചു കുറ്റവിമുക്തനാക്കുകയും ചെയ്തു.

 2003 ൽ  ഗദ്ദാഫി ഗവൺമെന്റ് ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം  ഏറ്റെടുത്തു മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുത്തു കേസ്  തേച്ചുമാച്ചുകളയുകയാണ് ഉണ്ടായത്. ഇന്ന് ലോക്കർബി അപകടം ആരുടെയും ഓർമ്മകളിൽ പോലുമില്ലാതെ മാഞ്ഞു പോയിരിക്കുന്നു

ഓപ്പറേഷൻ എന്റെബെ

 തീവ്രവാദി ആക്രമണങ്ങൾക്കെതിരായ ഒരേ ഒരു വിജയം ഇസ്രയേലിന് അവകാശപ്പെട്ടതാണ്. 1976 ജൂൺ 27ന്  ടെൽ അവീവിൽ നിന്നും  ആഥൻസ് വഴി പാരീസിലേക്ക് 242 യാത്രക്കാരുമായി പുറപ്പെട്ട വിമാനം  ആതൻസിൽ നിന്ന് പറന്നുയർന്നു ഏതാനും നിമിഷങ്ങൾക്കകമാണ്  റാഞ്ചികളുടെ കൈകളിലായത്.  ഇസ്രയേലിലും മറ്റു രാജ്യങ്ങളിലുമായി  തടവിലായിരുന്ന അമ്പതിലധികം പലസ്തീൻ തീവ്രവാദികളുടെ   മോചനമാണ്  വിമാനറാഞ്ചികൾ ആവശ്യപ്പെട്ടത്. തട്ടിയെടുക്കപ്പെട്ട വിമാനം ബെൻഗാസി വഴി  ഉഗാണ്ടയിലെ  എന്റെബെ  വിമാനത്താവളത്തിലെത്തുകയാണുണ്ടായത്. ഉഗാണ്ടൻ പ്രസിഡന്റ് ഈദി അമീൻ തീവ്രവാദികൾക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുകയും  കൂടുതൽ തീവ്രവാദികളെ വിമാനത്താവളത്തിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. എന്റെബെ വിമാനത്താവളത്തിൽ യാത്രക്കാരെ ഒരു ഹാളിലേക്കു മാറ്റുകയും ഇസ്രയേലികളല്ലാത്ത യാത്രക്കാരെ വിട്ടയയ്ക്കുകയും ചെയ്തു. 94 ഇസ്രായേലികളും 12 ഫ്രഞ്ച് വിമാന ജീവനക്കാരും തീവ്രവാദികളുടെ തടവുകാരായി കഴിഞ്ഞു.  ഇസ്രയേൽ ഇന്റലിജൻസ് ഏജൻസി മൊസാദിന്റെ ഒരാഴ്ചയോളം നീണ്ടു നിന്ന പ്ലാനിങ്ങിനു ശേഷം  ജൂലൈ നാലിനു ഇസ്രയേലിൽ നിന്ന് ഏതാണ്ട് 4000 കിലോമീറ്റർ അകലെയുള്ള  എന്റെബെ വിമാനത്താവളത്തിൽ നൂറോളം വരുന്ന ഇസ്രയേലി  commandoകൾ  ആക്രമണം നടത്തി  തടവുകാരെയെല്ലാം തന്നെ രക്ഷപെടുത്തി. ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന്  അറിയപ്പെടുന്ന ഈ സാഹസിക രക്ഷാപ്രവർത്തനത്തിൽ  3 തടവുകാരും, രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് കേണൽ ജോനാഥൻ നെതന്യാഹുവും കൊല്ലപ്പെട്ടു. ബെഞ്ചമിൻ നെതന്യാഹുവിന്റെ  മൂത്ത സഹോദരനാണ്  കൊല്ലപ്പെട്ട ജോനാഥൻ. ഓപ്പറേഷൻ തണ്ടർ ബോൾട്ടിന്റെ വിജയത്തിന്  ഉഗാണ്ടയുടെ അയൽരാജ്യമായ കെനിയയുടെ സഹായം വലുതായിരുന്നു. പ്രതികാരമായി അന്ന കെനിയയിലുണ്ടായിരുന്നു കെനിയക്കാരെയെല്ലാം  കൊലപ്പെടുത്താൻ ആണ് ഈദി അമീൻ ഉത്തരവിട്ടത്.

ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഇഴം

തീവ്രവാദത്തെക്കുറിച്ചും ഭീകരാക്രമണത്തെക്കുറിച്ചും  ചിന്തിക്കുമ്പോൾ തികച്ചും വേറിട്ടുനിൽക്കുന്ന ഒരു സംഘടനയായിരുന്നു തമിഴ്  പുലികൾ. തമിഴരുടെ വിമോചനത്തിനും തമിഴ് രാഷ്ട്ര സ്ഥാപനത്തിനും വേണ്ടി വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സംഘടനയ്ക്ക് മതത്തിന്റെതായ  അതിർവരമ്പുകൾ ഇല്ലായിരുന്നു തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി  ജീവനർപ്പിച്ച അവരിൽ ആരുംതന്നെ സാമ്പത്തികമോ  ആത്മീയമോ ആയ ലക്ഷ്യങ്ങൾക്കുവേണ്ടി സംഘടനയെ ദുരുപയോഗിച്ചതായോ വ്യാപകമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായോ ചരിത്രത്തിൽ കാണുന്നില്ല.

ഭീകരാക്രമണങ്ങളുടെ ലക്ഷ്യങ്ങൾ

1 ജനങ്ങളുടെ ഇടയിലും ലോക ഭരണാധികാരികളുടെ ഇടയിലും ഭീതിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക.

2 തങ്ങളുടെ ലക്ഷ്യം എന്തെന്ന് ലോകത്തെ അറിയിക്കുക. ആക്രമണങ്ങൾക്ക് ശേഷം ലഭിക്കുന്ന വ്യാപകമായ മീഡിയ കവറേജ് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

3 ഭരണകൂടത്തെയും നിയമവാഴ്ചയെയും ഭയപ്പെടുത്തി പോലീസിനെക്കൊണ്ട് ഓവർ റിയാക്ട് ചെയ്യിക്കുകയും അതുവഴി എൻജിഒകൾ ആയ ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകളെ സ്വാധീനിക്കുകയും ചെയ്യുക.

4  പണവും ആയുധസാമഗ്രികളും നേടിയെടുക്കുവാൻ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള അക്രമ മാർഗം.

5 അവശ്യ സർവീസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് ഗവൺമെന്റിൽ ഉള്ള വിശ്വാസം  തകർക്കുക.

5 ഈജിപ്തിലെതുപോലെ ടൂറിസം മേഖലയെ തകർത്തു രാജ്യത്തിന്റെ സമ്പദ്ഘടന താറുമാറാക്കുക.

 6 വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നതും  വ്യവസായ സംരംഭകരെ അകറ്റിനിർത്തുന്ന തുമായ കേരളത്തിലെ  ബന്ദുകളും ഹർത്താലുകളും സമരങ്ങളും ഭീകരാക്രമണത്തിൻറെ പട്ടികയിൽ വരുമോ?

7 ജയിലുകളിൽ കഴിയുന്ന തങ്ങളുടെ പ്രവർത്തകരെ മോചിപ്പിക്കുക.

8 പ്രതികാരം.

9 ഗവണ്മെന്റിന്റെയും നിയമപാലകരുടെയും ശ്രദ്ധ നഗരങ്ങളിലേക്കു തിരിച്ചുവിട്ട ഗ്രാമപ്രദേശങ്ങളിൽ തങ്ങളുടെ സംഘടനാ വളർച്ചയ്ക്ക് വേദിയൊരുക്കുക

10 സാമ്പത്തികം: ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലും പ്രവർത്തിക്കുന്ന പല മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളും തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യമായി മാത്രം കഴിഞ്ഞു കൂടുന്നു.

ഭീകരവാദികളുടെ അവരുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന തിരിക്കാം.

1 വിഘടനവാദികൾ
 നിലവിലുള്ള നിലവിലുള്ള ഭരണ സംവിധാനത്തിൽ നിന്നും മാറി സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് ഇവർ. തമിഴ് പുലികളെയും പി കെ കെയും ബോഡോ തീവ്രവാദികളെയുമൊക്കെ  ഈ ഗണത്തിൽ പെടുത്താം.

2 വംശീയ പാരമ്പര്യ വാദികൾ
 തങ്ങളുടെ ജാതി അല്ലെങ്കിൽ വംശം മറ്റുള്ളവരേക്കാൾ ഉയർന്നതാണെന്ന്  കാണുന്നവർ.  സുന്നി  ഷിയാ  ഗ്രൂപ്പുകൾ, യഹൂദ തീവ്രവാദികൾ ഒക്കെ ഉദാഹരണങ്ങളാണ്.

3 വലതുപക്ഷ തീവ്രവാദികൾ
 സ്വന്തം രാജ്യത്തോടും വിശ്വാസങ്ങളോടും സംസ്കാരത്തോടും കൂറു പുലർത്തുന്ന ഇവർ യൂറോപ്പിൽ വർദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ജർമ്മനിയിലും മറ്റും അഭയാർത്ഥികൾക്കും വിദേശികൾക്കും എതിരായി ഉണ്ടാകുന്ന ആക്രമണങ്ങൾ ഇത്തരത്തിലുള്ളവയാണ്.

4 വിപ്ലവ പ്രസ്ഥാനങ്ങൾ
 നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തെ മാറ്റി പുതിയത് പടുത്തുയർത്താൻ വെമ്പൽ കൊള്ളുന്നു. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള പ്രസ്ഥാനങ്ങൾ ആണ് ഇവ.  ഉദാഹരണം നക്സൽ പ്രസ്ഥാനം.

5 മതപരമായ തീവ്രവാദ പ്രസ്ഥാനം

 ഇന്ന് ലോകത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് ഇസ്ലാമിക തീവ്രവാദം ആണെങ്കിലും ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ഭീകരതയിൽ ഏതാണ്ട്
തത്തുല്യമായ പങ്കുവഹിക്കുന്നു.  തങ്ങളുടെ ലക്ഷ്യങ്ങൾക്കും മാർഗങ്ങൾക്കും ദൈവികമായ തെറ്റാവരം ഉണ്ടെന്നു  ശഠിക്കുന്ന ഇവരെ മാറ്റിയെടുക്കാനും ചർച്ചകളിലൂടെ അനുനയിപ്പിക്കാനും സാദ്ധ്യമല്ലതന്നെ.

6 സൈബർ ഭീകരത

 നെറ്റ് വർക്കുകളുടെ ആധുനിക ലോകത്ത് സൈബർ ടെററിസം ഒരു വലിയ ഭീഷണി തന്നെയാണ്.  ഒരു നഗരത്തെ പൂർണ്ണമായും പ്രവർത്തന രഹിതമാക്കാനോ ആധുനിക വാർത്താവിനിമയ - യാത്രാ സംവിധാനങ്ങളെ  തകർക്കുവാനോ  വിമാനങ്ങളുടെയോ, ആധുനിക വാഹനങ്ങളുടെയോ  ഒക്കെ നിയന്ത്രണം ഏറ്റെടുക്കുവാനോ ഒക്കെ  ഹാക്കർമാർക്ക് സാധിച്ചേക്കാം. തങ്ങളുടെ ആശയപ്രചാരണത്തിനും, സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്തിനും ഒക്കെ തീവ്രവാദി സംഘടനകൾ സോഷ്യൽ മീഡിയയാണ് ഉപയോഗിക്കുന്നത്.

നിങ്ങളും സൈബർ ടെററിസത്തിന് ഇരയായേക്കാം.

 നിങ്ങളുടെ കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ ഹാക്കർമാർ തീവ്രവാദ പ്രചരണത്തിനായി നിങ്ങളറിയാതെ തന്നെ ഉപയോഗിച്ചേക്കാം. സൂക്ഷിക്കുക.
 ബുദ്ധിമുട്ടുള്ള പാസ് വേർഡുകൾ  ഉപയോഗിക്കുക.
 സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക.
 വിശ്വാസയോഗ്യമല്ലാത്ത പ്രോഗ്രാമുകളും ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
 സോഷ്യൽ മീഡിയയിൽ അറിയാത്ത ഗ്രൂപ്പുകളിൽ അംഗമാവാതിരിക്കാം.

ഭീകരവാദികളുടെ ആക്രമണശേഷി  ദിനംപ്രതിയെന്നോണം വർധിച്ചുവരികയാണ്. ഹിസ്ബുള്ള, ഹമാസ്, അൽക്വയിദ തുടങ്ങിയ ജിഹാദി പ്രസ്ഥാനങ്ങൾക്ക് അതാത് രാജ്യങ്ങളിലെ ഭരണകൂടത്തിന് ഒപ്പംതന്നെ ആയുധ ശേഖരങ്ങൾ ഉണ്ട്.  ഈ പല സംഘടനകളും   ഒളിപ്പോരിൽനിന്ന് മാറി സൈന്യത്തോട് നേർക്കു നിന്നാണ് ഏറ്റുമുട്ടുന്നത്. സിറിയയിലും ഇറാഖിലുമൊക്കെ രാജ്യത്തിന്റെ നല്ലൊരു ഭാഗം ഇവരുടെ നിയന്ത്രണത്തിലാണ്. നശീകരണശേഷിയുള്ള ആണവായുധങ്ങൾ ഇവരുടെ കൈയിൽ എത്തിയാലോ എന്ന ഭീതിയിലാണ് ലോക നേതാക്കൾ എല്ലാം തന്നെ.