നന്ദിയാരോടു ചൊല്ലേണ്ടു ഞാൻ


പതിനഞ്ചാം നൂറ്റാണ്ടിൽ ജർമനിയിലെ ന്യുറൻബേർഗ്‌ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പ്രശസ്ത ചിത്രകാരൻ ആൽബ്രെക്ട് ഡ്യുററിനെപ്പറ്റി (1471-1528)പ്രചുരപ്രചാരം സിദ്ധിച്ച  കഥയുണ്ട്.  അദ്ദേഹം തന്റെ ജിവിത കാലയളവിൽ വളരെയധികം  വരക്കുകയും പ്രതിമകൾ നിർമ്മിക്കുകയും ചെയ്‌തെങ്കിലും അതിലൊന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നു.  ചിലപ്പോൾ അതിൻറെ ഒരു  കോപ്പി നിങ്ങളുടെ സവീകരണമുറിയെ അലങ്കരിക്കുന്നുണ്ടാവാം.
Photo from Wikipedia

പഴയ ഹങ്കറിയിൽ നിന്നും ജർമനിയിലേക്ക് ജോലിതേടിയെത്തിയ ഒരു സ്വർണപ്പണിക്കാരനായിരുന്നു ആൽബ്രെക്റ്റിന്റെ പിതാവ്.  ന്യുറൻബേർഗിൽ താമസമാക്കിയ അദ്ദേഹം തന്റെ മുതലാളിയുടെ മകൾ ബാര്ബറയെ വിവാഹം കഴിക്കുകയും അവർക്ക് 18 കുട്ടികൾ ജനിക്കുകയും ചെയ്തു.  ഇത്രയും വലിയ ഒരു കുടുംബത്തെ മുന്നോട്ടു നയിക്കുവാൻ ആ പിതാവിന് രാപകൽ അദ്ദ്വാനിക്കേണ്ടി വന്നു.


ഈ പതിനെട്ടു പേരിൽ പഠിക്കാൻ മിടുക്കരും കലാവൈഭവമുള്ളവരുമായിരുന്നു ആൽബ്രെക്റ്റും ആൽബെർട്ടും.  പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം അവസാനിച്ചപ്പോൾ ന്യുറൻബേർഗ്‌ അക്കാദമിയിൽ ചേർന്ന് തുടർ വിദ്യാഭ്യാസം നടത്താൻ രണ്ടുപേരും ആഗ്രഹിച്ചു. ജിവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അവരുടെ പിതാവിന് അവരെ അക്കാദമിയിലയച്ചു പഠിപ്പിക്കുക എന്നതിനെപ്പറ്റി ചിന്തിക്കുവാൻ ആകുമായിരുന്നില്ല.

സഹോദരന്മാർ രണ്ടുപേരും തലപുകഞ്ഞാലോചിച്ചു.  ഒരു ദിവസം ആൽബർട്ട് ആൽബ്രെക്റ്റിന്റെ കാതിൽ രഹസ്യം പറഞ്ഞു.  അനിയാ ഞാൻ ജോലിക്കു പോയി നിനക്കു പഠിക്കാനുള്ള പണമുണ്ടാക്കാം.  നാലു വർഷത്തെ നിന്റെ വിദ്യാഭ്യാസം കഴിയുമ്പോൾ നിനക്കു നല്ല ജോലിയും ശമ്പളവുമാകും.  അന്ന് നീയെന്നെ സഹായിച്ചാൽ മതി, അപ്പോൾ എനിക്കും അക്കാദമിയിൽ പോയി പഠിക്കാനാകും.

തീരുമാനം പ്രാവർത്തികമാക്കി ആ ചേട്ടനും അനിയനും.  ചേട്ടൻ അടുത്തുള്ള കൽക്കരി ഖനിയിലേക്കും അനിയൻ അക്കാദമിയിലേക്കും യാത്രയായി.  ചേട്ടന്റെ സ്വപനങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരണമായിത്തന്നെ അനുജൻ പഠിച്ചു .  അക്കാദമിയിലെ  വെല്ലുന്ന പ്രതിഭയായി  വളർന്നു.  നാല് വര്ഷം പൂർത്തിയായി.  ഇതിനകം തന്നെ അവൻ ന്യുറൻബേർഗിൽ അറിയപ്പെടുന്ന ചിത്രകാരനായി മാറിക്കഴിഞ്ഞു.  ധാരാളം ജോലികൾ അവനു കിട്ടുന്നുണ്ട്.  സ്വന്തം വീട്ടിലും അവൻ പ്രത്യേക പരിഗണനയാണ്.  ആൽബർട്ട് ഖനിയിൽനിന്നും, ആൽബ്രക്റ്റ് പട്ടണത്തിൽ നിന്നും വീട്ടിലെത്തിയിട്ടുണ്ട്.  എല്ലാവരും ഭക്ഷണത്തിനിരുന്നു.  ഊണുമേശമേൽ പ്രഥമ സ്ഥാനം ആൽബ്രെക്റ്റിനാണ്.  അനുജൻ എഴുനേറ്റു നിന്നു.  കുടുംബാംഗങ്ങളെല്ലാം കാതോർത്തിരുന്നു.
അവൻ പറഞ്ഞു തുടങ്ങി. പ്രിയപ്പെട്ട ചേട്ടാ.   തമ്മിൽ തീരുമാനിച്ചിരുന്നതുപോലെ നാലു വർഷങ്ങൾ കടന്നു പോയിരിക്കുന്നു.  ഞാൻ പരീക്ഷ പാസായി, നല്ല ജോലിയും വരുമാനവുമുണ്ട്.  ഇനി ചേട്ടന്റെ അവസരമാണ്. അടുത്ത വര്ഷം ചേട്ടൻ അക്കാദമിയിൽ ചേരണം.
ചേട്ടൻ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി. പ്രിയപ്പെട്ട അനുജാ, ഖനി ജോലിക്കിടയിൽ ചുറ്റിക കൊണ്ട് എന്റെ വിരലുകൾ പലതും ചതഞ്ഞു പോയിരിക്കുന്നു. ഖനിയിലെ തണുപ്പുകൊണ്ടുള്ള ജോലിമൂലം എന്റെ സന്ധികളെല്ലാം വാതം പിടിച്ചു വഴങ്ങാതായിരിക്കുന്നു.തൂവലും ബ്രഷുമൊന്നും എന്റെ കൈകൾക്കിന്നു വഴങ്ങുന്നില്ല. ഞാൻ എന്റെ ഇപ്പോഴുള്ള ജോലിയിൽ തന്നെ തുടർന്നുകൊള്ളാം.
ആൽബർട്ടിന്റെ ചതഞ്ഞരഞ്ഞ, തഴമ്പ് വീണ കൈകൾ ആൽബ്രക്റ്റിനു മറക്കാനായില്ല.  അവൻ ചേട്ടൻ ആൽബർട്ടിന്റെ കൂപ്പിയ കൈകൾ തന്റെ കാൻവാസിലേക്ക് പകർത്തി.  കൈകൾ എന്ന് പേരുമിട്ടു.
പിന്നീട് ചിത്രം കണ്ടവരിലാരോ ആണ് അതിനു പ്രാർത്ഥിക്കുന്ന കൈകൾ എന്ന് പേരിട്ടത്.  അതേ ആ കൈകൾ ആൽബർട്ടിന്റെ സ്നേഹത്തിന്റെ പ്രതിരൂപമാണ്. ആൽബ്രക്റ്റിന്റെ നന്ദി പ്രകടനത്തിന്റെ പ്രതിബിംബമാണ്.  ജ്യേഷ്ഠന്റെ വേദനയെ സ്വന്തമാക്കി - ഇന്ത്യൻ ഉപനിഷത്തുകളിൽ മനുഷ്യനെ ദേവന്മാർക്കുമുയരെയെത്തിക്കുന്ന ആ ഗുണം ദയത്വം- സാധാരണ മനുഷ്യരിൽ നിന്നുമുയരെയെത്തുകയാണ് ആൽബ്രെക്റ്റിവിടെ.
പ്രിയ സുഹൃത്തേ ഈ മഹത്തായ കലാസൃഷ്ടിയുടെ ഒരു കോപ്പി നിങ്ങളുടെ വീട്ടിൽ, ജോലിസ്ഥലത്ത്, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലുണ്ടാവും.  അത് കാണുമ്പോഴെങ്കിലും ചിന്തിക്കുക.....
നന്ദിയാരോടൊക്കെ ചൊല്ലേണ്ടു ഞാൻ????????????

ജെയ്മി.