പലസ്തീനിയൻ അഭയാർത്ഥികൾ

 

ഇസ്രയേലിന്റെ അസ്തിത്വത്തെ അംഗീകരിക്കാതെ, യഹൂദവംശത്തെ തന്നെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കി, അവിടേയ്‌ക്കൊരു തിരിച്ചു പോക്ക് സ്വപ്നം കണ്ടു കൊണ്ട് അഭയാർത്ഥി ക്യാമ്പുകളിൽ  ഏതാണ്ട് 5
memorial to the murdered Jews of Europe
മില്യണിലേറെ പാലസ്തീനിയൻ അഭയാർത്ഥികളാണ് ഇന്ന് UN ന്റെയും, സന്നദ്ധസംഘടനകളുടെയും, ലോകരാഷ്ട്രങ്ങളുടേയുമെല്ലാം സഹായത്താൽ ദുസ്സഹ ജീവിതം തള്ളി നീക്കുന്നത്.
 
ഇസ്രായേൽ രാഷ്ട്രം എന്നത് ഒരു യാഥാർഥ്യമായി ഉൾക്കൊള്ളുകയും അവിടേയ്ക്കൊരു തിരിച്ചു പോക്ക്, ഒരു പുനരധിവാസം സാധ്യമല്ലെന്ന വസ്തുത അംഗീകരിക്കുകയും ചെയ്തുകൊണ്ട് മറ്റു പദ്ധതികളിലൂടെ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുവാൻ ശ്രമിക്കുന്നതിന് പകരം തിരിച്ചു പോക്കെന്ന സ്വപ്നത്തെ നിലനിറുത്തികൊണ്ട് അഭയാർഥിക്യാമ്പുകളിൽ സഹായധനമെത്തിക്കുമ്പോൾ അതിൽ നല്ലൊരു പങ്കും ഇസ്രയേലിനെതിരെയുള്ള ചെറുത്തു  നില്പിനായി ദുർവിനിയോഗം ചെയ്യപ്പെടുന്നു.

സ്വിസ്സ് വിദേശ കാര്യമന്ത്രി ഇഗ്നെസിയോ കാസിസ് ഉൾപ്പെടെയുള്ള പല പ്രമുഖരും ഈ കാഴ്ചപ്പാടു തുറന്നു പങ്കു വച്ചിരിക്കുകയാണ്. UN ന്റെ പാലസ്റ്റീൻ സഹായ സംരംഭമായ UNRWA യിലേക്കുള്ള അമേരിക്കയുടെ സംഭാവനകൾ നിറുത്തലാക്കുവാൻ ട്രംപ് ഭരണകൂടവും തീരുമാനമെടുത്തിരിക്കുന്നു. ആകെ ലഭിച്ചിരുന്ന സഹായ ധനത്തിൽ മൂന്നിലൊന്നു വിഹിതം നൽകിയിരുന്ന US, തങ്ങളുടെ മില്യണുകൾ ഇനി കൊടുക്കുന്നില്ല എന്ന് തീരുമാനമെടുത്തപ്പോൾ അഭയാർഥികളുടെ ജീവിതം ഇനിയും ദുരിതമയമാവുമെന്നത് തീർച്ച. ഇസ്രയേലിലെയും പലസ്തീനിലെയും ജീവിത സാഹചര്യങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ ഒരു അതിർത്തി മതിലിനപ്പുറം, മതിലില്ലാത്തിടത്തു കുറെ കമ്പി വേലികൾക്കപ്പുറം തങ്ങളുടേതെന്ന് ധരിച്ചു വച്ചിരിക്കുന്ന പ്രദേശത്ത്  വെറുക്കപ്പെട്ട യഹൂദവംശം തങ്ങളുടേതുമായി തട്ടിച്ചു നോക്കിയാൽ  സ്വർഗ്ഗ ജീവിതം നയിക്കുന്നതു കാണുമ്പോൾ ഏതൊരു പലസ്തീനിയന്റെയും മനസ്സിൽ അമർഷമുണ്ടാവും, രക്തം തിളക്കും.അവരുടെ പ്രതികരണം കല്ലേറിലും റോക്കറ്റു വിക്ഷേപണങ്ങളിലുമായി അവസാനിക്കും.റോക്കറ്റ്  ആക്രമണത്തിൽ ഇസ്രയേലികൾ കൊല്ലപ്പെടുമ്പോൾ അവരുടെ പ്രതികരണം ആധുനിക യുദ്ധ വിമാനങ്ങളുപയോഗിച്ചുള്ള ആക്രമണത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ യുദ്ധ സന്നാഹങ്ങളും ജീവിതോപാധികളും തകർത്തു തരിപ്പണമാക്കിക്കൊണ്ടാണ്. പലസ്തീൻ ജനത വീണ്ടും ദുരിതങ്ങളിലേക്കു വലിച്ചെറിയപ്പെടും 

ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നതു  മുതൽ ഇടവേളകളിലായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ ആക്രമണ പരമ്പര ഇരു ജനതയ്ക്കും മാത്രമല്ല ലോകത്തിനു മുകളിൽ തന്നെ  ഒരു ഡെമോക്ലീഷ്യൻ വാളായി, പരിഹരിക്കപ്പെടേണ്ട ഏറ്റവും പഴകിയതും സങ്കീർണവുമായ, എത്രയും വേഗം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഒരു പക്ഷെ ഒരു മഹായുദ്ധത്തിൽ അവസാനിച്ചേക്കാവുന്ന പ്രശ്നമായി നിലകൊള്ളുകയാണ്.

യെഹൂദരുടെയും പാലസ്റ്റീനികളുടെയും ഈ പ്രദേശത്തിന്മേലുള്ള അവകാശ വാദത്തിന്റെ ചരിത്ര പശ്ചാത്തലം തേടുമ്പോൾ നമ്മൾ എത്തിപ്പെടുന്നത് പ്രസിദ്ധമായ യെരുശലേം ദേവാലയത്തിന്റെ ചരിത്രത്തിലേക്കാണ്.
54 നാല് പ്രാവശ്യം ആക്രമിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്ത യെരുശലേം കുന്നുകളുടെ, പ്രാചീനതയിലേക്കാണ്.

ഏക ദൈവവിശ്വാസികളായ അബ്രഹാമിക് മതങ്ങളുടെ (യഹൂദ,ക്രിസ്ത്യൻ,മുസ്ലിം)എല്ലാം പുണ്യ ഭൂമിയാണ് യെരുശലേം. ഈജിപ്റ്റിലെ അടിമത്വത്തിൽ നിന്നും മോശെയുടെ നേതൃത്വത്തിൽ തിരിച്ചെത്തിയ ഇസ്രായേൽ(യഹൂദ) വംശം പൂർവ പിതാവായ എബ്രഹാം ദൈവകല്പന പ്രകാരം -വിശ്വാസം-  സ്വന്തം മകനെ ബലി നൽകാൻ പോയ മോറിയ മലയിൽ, സോളമൻ രാജാവിനാൽ നിർമിക്കപ്പെട്ടതായിരുന്നു ആദ്യത്തെ യെരുശലേം ദേവാലയം.യെഹൂദരുടെ ദൈവമായിരുന്നു യെഹോവക്ക് ബലിയർപ്പിച്ചിരുന്നതും പ്രാർത്ഥിച്ചിരുന്നതും ഈ ദേവാലയത്തിലാണ്.  ഭൂപടത്തിലെ യെറുശലേമിന്റെ സ്ഥാനം കൊണ്ടാവാം ലോകത്തിന്റെ കേന്ദ്ര ബിന്ദു എന്നാണ് യെറുശലേം അറിയപ്പെട്ടിരുന്നത്. ദേവാലയത്തിൽ യെഹൂദർ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളും ബലിയർപ്പിക്കുവാൻ  എത്തിയിരുന്നു. അറേബ്യൻ നാടുകളുമായി  വാണിജ്യബന്ധമുണ്ടായിരുന്നവരും യാത്രാമദ്ധ്യേ ദേവാലയം സന്ദർശിക്കയും കാഴ്ചകൾ അർപ്പിക്കയും ചെയ്തുപോന്നു. ദേവാലയത്തിന്റെ പ്രസിദ്ധിയും ധനവും ലോകമെങ്ങും പ്രസിദ്ധമായിരുന്നു.

BC. 587  ൽ ബാബിലോണിയൻ രാജാവ് നെബുച്ചസ് നേസർ യെരുശലേം ആക്രമിക്കയും, ദേവാലയം ആക്രമിച്ചു സമ്പത്തു കൈക്കലാക്കുക മാത്രമല്ല ദേവാലയം തന്നെ നിലം പരിശാക്കികൊണ്ട് യഹൂദരെ ബാബിലോണിയയിലേക്ക്‌ അടിമകളാക്കി നാടുകടത്തുകയും ചെയ്തു. ബാബിലോണിലായിരുന്ന യഹൂദർ തങ്ങളുടെ ദേവാലയത്തെയും വിട്ടു പോന്ന മണ്ണിനെയുമോർത്തു വിലപിച്ചു. യെഹോവയോടു മനമുരുകി പ്രതീക്ഷയോടെ പ്രാർത്ഥിച്ചു,

ഏതാണ്ട് 70 വർഷങ്ങൾക്കു ശേഷം ബാബിലോൺ അടിമത്വത്തിൽ നിന്നും മോചിതരായി തിരിച്ചെത്തിയ യെഹൂദർക്കു വേണ്ടി സെറൂബാബേൽ ആണ് രണ്ടാമത് ദേവാലയം പുനർ നിർമിക്കുന്നത്. എന്നാൽ യെഹൂദ  വംശത്തിന്റെയും ലോകത്തിന്റെ തന്നെയും അഭിമാനമായിരുന്ന പ്രസിദ്ധമായ ദേവാലയം പണിതുയർത്തുന്നത് 
BC. 40 കൾക്കു ശേഷം ഹേറോദ് രാജാവിന്റെ കാലത്താണ്. സെറുബാബേൽ പണി കഴിപ്പിച്ചിരുന്ന പഴയ ദേവാലയം പാടെ പൊളിച്ചു മാറ്റി പുതുക്കി പണിത യെറുശലേം ദേവാലയം സമാനതകളില്ലാത്തതായിരുന്നു.സ്വർണപാളികളാൽ വരെ മൂടപ്പെട്ടിരുന്ന ദേവാലയത്തിലേക്ക് ലക്ഷക്കണക്കിനാളുകളാണ് ബലിയർപ്പണത്തിനായി എത്തിയിരുന്നത്. കണക്കില്ലാതെ സ്വർണവും സമ്പത്തും കുമിഞ്ഞു കൂടിയ ദേവാലയത്തിന്റെ ഖ്യാതി ലോകമെങ്ങുമെറിഞ്ഞു.
ഓരോ യെഹൂദന്റെയും അഭിമാനവും അഹങ്കാരവുമായിരുന്ന ഈ ദേവാലയത്തെ നോക്കിയാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ തകർക്കപ്പെടുമെന്ന് യേശു പ്രവച്ചെന്നു പറയപ്പെടുന്നത്. 

റോമൻ സാമ്പ്രാജ്യത്തെ ധിക്കരിച്ച യഹൂദരെ AD. 72 ൽ  ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിൽ വന്ന റോമൻ പട്ടാളം  ആക്രമിച്ചു. കല്ലിൻ  മേൽ കല്ല് അവശേഴിപ്പിക്കാതെ യെരുശലേം ദേവാലയം തകർക്കപ്പെട്ടു-പടിഞ്ഞാറു വശത്തെ മതിലിന്റെ ഭാഗങ്ങളൊഴിച്ച്. യെഹൂദരെ മുഴുവനെയും തന്നെ കൊന്നൊടുക്കി.  ബാക്കി വന്നവർ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തോടും യെറുശലേമിനോടും കണ്ണീരോടെ വിടപറഞ്ഞു കൊണ്ട് ലോകമെമ്പാടുമായി ചിതറിപോയി. ലോകം അന്നു വരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രക്ത രൂക്ഷിതവും ക്രൂരവുമായ യുദ്ധമായി ഇതിനെ രേഖപ്പെടുത്തുന്നു.

യെഹൂദർ  വിട പറഞ്ഞ യെരുശലേം AD 600 കളിൽ ഇസ്ലാമിന്റെ ആവിർഭാവം വരെ ക്രിസ്ത്യാനികളുടെയും മറ്റു ജനതകളുടെയും കീഴിലായിരുന്നു. ക്രിസ്തു വിന്റെ ജനനവും മരണവും, പുതിയ ഒരു മതത്തിന്റെ- വിശ്വാസത്തിന്റെ ആവിർഭാവവും  കൊണ്ട് യെരുശലേം ക്രിസ്ത്യാനികൾക്ക് പ്രാധാന്യമേറിയതും പ്രിയപ്പെട്ടതുമായി.

ഇസ്ലാമിന്റെ ആരംഭത്തിൽ അറിയപ്പെട്ടിരുന്ന ഒരു പ്രാർത്ഥനാലയം യെരുശലേം മാത്രമായിരുന്നു. അബ്രഹാമിന്റെ പിന്തുടർച്ചക്കാരായി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഇസ്ലാം വിശ്വാസികൾ യെരുശലേം ദേവാലയം സ്ഥിതിചെയ്തിരുന്ന ദിക്കിലേക്ക് തിരിഞ്ഞു നിന്നാണ് ആദ്യ കാലങ്ങളിൽ നിസ്കരിച്ചിരുന്നത്.
 
പ്രവാചകന്റെ ഒരു ദർശനത്തിൽ അദ്ദേഹം ഗബ്രിയേൽ മാലാഖയുടെ ചിറകിലേറി വിദൂരതയിലേയ്ക്കൊരു യാത്ര പോകുന്നതും യാത്രാന്ത്യത്തിൽ പൂർവപിതാക്കന്മാരായ ആദം,അബ്രാഹം മോശെ തുടങ്ങിയവരെ കണ്ടു മുട്ടുന്നതായും രേഖപ്പെടുത്തുന്നുണ്ട്. ഈ കണ്ടു മുട്ടൽ എവിടെ വച്ചായിരുന്നെന്നു പ്രവാചകൻ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിൽക്കാലത്ത് മുസ്ലിം പണ്ഡിതർ അത് യെരുശലേം ആയിരുന്നെന്നു സമർത്ഥിക്കുന്നു. 
ഇസ്ലാമിന്റെ യെറുശലേമുമായുള്ള ബന്ധം ഇത്ര മാത്രമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

പിന്നീട് യെരുശലേമിൽ ആധിപത്യം സ്ഥാപിച്ച മുസ്ലിം ഭരണാധികാരികളാണ് അൽ- അഖ്‌സാ- മോസ്ക്  ഉം Dome ഉം ഒക്കെ പണിതുയർത്തുന്നത്‌. അവയുടെ സ്ഥാനമോ-യെഹൂദന്റെ യെരുശലേം ദേവാലയമിരുന്നിടവും.

റോമക്കാരുടെയും, അറബികളുടെയും തുർക്കികളുടെയും എല്ലാം അധീനതയിലായിരുന്ന യെരുശലേം അവസാനം ഇംഗ്ലണ്ട് ന്റെ കീഴിലാവുന്നതു വരെ യെഹൂദര്ക്ക് അന്യമായിരുന്നെന്നു പറയാം, പടിഞ്ഞാറൻ മതിലിൽ മുത്തമിട്ടു കരഞ്ഞു പ്രാർത്ഥിക്കാൻ എത്തിയിരുന്ന  വളരെ കുറച്ചു പേർക്കൊഴിച്ച്. 

ചിതറിപ്പോയ യെഹൂദർ എന്നും തങ്ങളുടെ ദേവാലയത്തെയോർത്തു വിലപിച്ചു.തങ്ങളുടെ തെറ്റുകളെയോർത്തു പശ്ചാത്തപിച്ചു. യെഹോവ തങ്ങളോടൊപ്പമുണ്ടെന്ന ഒറ്റ വിശ്വാസത്തിൽ കുടിയേറിയിടങ്ങളിലെല്ലാം അവർ പ്രബുദ്ധരായി,അവരിൽ പലരും അവിടങ്ങളിലെ  ഭരണാധികാരികളുമായി ഏറ്റവും അടുപ്പമുള്ളവരായി മാറി.

ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് കാർക്ക് സ്ഫോടകവസ്തുക്കളുണ്ടാക്കുവാനായി 30000 ടൺ അസറ്റോൺ ആവശ്യ സമയത്തു് ലഭ്യമാക്കിയ കണ്ടു പിടുത്തമാണ് Chaim Weizmann എന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി പ്രൊഫസറിനെ അഡ്‌മിറൽ First Lord വിൻസ്റ്റൺ ചർച്ചിലിന്റെ  പ്രിയങ്കരനാക്കുന്നത്‌. ഈ പരിചയത്തിൽ നിന്നാണ് 1917 ൽ Llyod George പ്രധാനമന്ത്രി യും ചർച്ചിൽ യുദ്ധ സാമഗ്രികളുടെ മന്ത്രിയും Balfour വിദേശ കാര്യ സെക്രട്ടറിയുമായിരിക്കുമ്പോൾ  
യെഹൂദ  ജനതയുടെ ഭാവിയും ഇസ്രയേലിന്റെ ജന്മവും തീരുമാനിക്കപ്പെട്ട പ്രസിദ്ധമായ  Balfour declaretion  ഉരുത്തിരിയുന്നത്.

യെഹൂദ   ജനതയുടെ ചരിത്രമറിയാമായിരുന്നവരും അവരുടെ വംശ മഹിമ, ബുദ്ധിസാമർഥ്യം,ജീവിത വിജയം എല്ലാം വീക്ഷിച്ചിരുന്നവരും, എന്നാൽ അവരുടെ പൂർവദേശമായ യെറുശലേം പ്രാന്ത പ്രദേശങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട ശേഷം അവർ വിവിധ രാജ്യങ്ങളിൽ ജീവിച്ച്  അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും അവഗണനയും കണ്ടറിഞ്ഞവരുമായ ലോകനേതാക്കൾ പ്രമുഖരായ യെഹൂദ വ്യക്തിത്വങ്ങളുടെ സ്വന്തം ദേശം എന്ന ആഗ്രഹത്തെ സഫലീകരിക്കയായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ.
തദ്ദേശവാസികളെ കുടിയൊഴിപ്പിക്കാതെ യെഹൂദർക്ക്‌ ഒരു സ്വയം ഭരണ മേഖലയായിരുന്നു പ്രഖ്യാപനത്തിൽ ഉദ്ദേശിച്ചിരുന്നത് (Nothing shall be done which may prejudice the civil and religious Rights of the existing non Jewish community)

അന്നത്തെ സിറിയൻ അറബി നേതാവായിരുന്ന ഫൈസൽ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക മാത്രമല്ല 4 -5 മില്യൺ യഹൂദരെ ഉൾകൊള്ളുന്നതിനു യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും അതിനുള്ള സ്ഥലം സൗകര്യം പലസ്തീൻ പ്രദേശത്തിനുണ്ടെന്നും നേതാക്കൾക്ക് ഉറപ്പു കൊടുക്കുകയും ചെയ്‌തു.

1920 മുതൽ 1948 വരെ -രണ്ടാം ലോകമഹാ യുദ്ധമുൾപ്പെടെ ലോകത്തുണ്ടായ സംഭവവികാസങ്ങൾ യെഹൂദരെ യെരുശലേം പ്രദേശങ്ങളിലേയ്ക്കു കുടിയേറുവാൻ നിർബന്ധിതരാക്കി. 6.5 മില്യൺ യെഹൂദരെ ഗ്യാസ് ചേംബറിൽ ഇട്ടു കത്തിച്ചു കളഞ്ഞ, ലോക മനസാക്ഷിയെ ഞെട്ടിച്ച ഹിറ്റ്ലറിൻറെ നാസി ക്രൂരതയും,ലോകമെമ്പാടും യെഹൂദർ  അനുഭവിച്ചുകൊണ്ടിരുന്ന പീഠനങ്ങളും  അവരെ കൂടുതലായി യെരുശലേമിലേയ്ക്കടുപ്പിച്ചു. റഷ്യയിലും, യൂറോപ്പിലും, ഇംഗ്ലണ്ടിലും അമേരിക്കയിലും നിന്നെല്ലാം അവർ  പാലായനം ചെയ്തു യെറു ശലേമിലേക്കെത്തി.

പലസ്തീൻ തദ്ദേശവാസികൾ തങ്ങളുടെ ഭൂദേശങ്ങൾ യെഹൂദനു വലിയ വിലയ്ക്കു കൈമാറ്റം ചെയ്യുമ്പോൾ ഇവരുടെ തിരിച്ചു വരവിനെപ്പറ്റി അവർ ബോധവാന്മാരായിരുന്നു. എന്നാൽ ചോദിയ്ക്കുന്ന വിലയ്ക്കു തങ്ങളുടെ സ്ഥലങ്ങൾ വിറ്റുപോകുമ്പോൾ പലരും പ്രലോഭിതരായി. 

അവസാനം 1948 മെയ് 14 നു ഇസ്രായേൽ സ്വതന്ത്ര  യൂദാരാഷ്ട്രമായി രൂപം കൊള്ളുമ്പോൾ അങ്ങിനെ ഒന്ന് സംഭവിക്കാതിരിക്കുവാനയി ഈജിപ്ത്, ജോർദാൻ,സിറിയ, ലെബനോൻ,ഇറാഖ് തുടങ്ങി അറബ് രാഷ്ട്രങ്ങളെല്ലാം കുടി യുദ്ധമുന്നണിയ്ക്കു രൂപം കൊടുത്തു. 165000 വരുന്ന അറബ് സൈനിക കൂട്ടുകെട്ടിനു മുൻപിൽ വെറും 28000 ത്തോളം വരുന്ന യഹൂദന്റെ പടയാളികൾക്കു എന്ത് ചെയ്യാൻ സാധിക്കുമെന്നും തങ്ങൾ നിഷ്പ്രയാസം യെഹൂദരെ കൊന്നൊടുക്കുമെന്നും ഇനി ഇങ്ങനെയൊരു വംശം ഉണ്ടാവില്ലെന്നും അറബികൾ സ്വപ്നം കണ്ടു. കച്ചവടം ചെയ്തും ഓഫീസുകൾ ഭരിച്ചും മാത്രം പരിചയമുള്ള യെഹൂദർ എങ്ങിനെ തങ്ങളോട് ഏറ്റുമുട്ടുമെന്നവർ പുച്ഛിച്ചു തള്ളി.എന്നാൽ വാചകക്കസർത്തുകളിൽ വിശ്വസിച്ച അറബി സൈന്യത്തെ ഏകോപിപ്പിക്കുവാൻ നേതാക്കന്മാർക്ക്  സാധിച്ചില്ല. ജോർദാൻ രാജാവ് അബ്ദുള്ളയ്ക് യെരുശലേം പ്രദേശം കൈപ്പിടിയിൽ നിറുത്തുവാൻ സാധിച്ചെങ്കിലും പലസ്തീന്റെ മിക്കവാറും ഭാഗങ്ങളും യെരുശലേമിനടുത്തുള്ള തന്ത്രപ്രധാനമായ മറ്റു സ്ഥലങ്ങളും യെഹൂദർ കൈപ്പിടിയിലൊതുക്കി.യുദ്ധം നയിച്ച ദാവീദ്  ബെൻ ഗുറിയോൺ പ്രധാനമന്ത്രിയും Chaim Weizmann  പ്രസിഡന്റുമായി ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നു. തൊട്ടടുത്ത ദിവസം തന്നെ റഷ്യ ഇസ്രയേലിനെ അംഗീകരിയ്ക്കയും ചെയ്തു.

ഇസ്രായേൽ രാഷ്ട്രം നിലവിൽ വരുമ്പോൾ 700 000 തദ്ദേശവാസികളാണ് പലായനം ചെയ്യേണ്ടി വന്നത്. അവരിൽ നല്ലൊരു വിഭാഗവും  യെഹൂദരുടെ ഈ വിജയവും ഇസ്രയേലിന്റെ നിലനില്പും താല്കാലികമാണെന്നും അടുത്ത നാളുകളിൽ തന്നെ അറബികൾ ഇതെല്ലാം തിരിച്ചു പിടിക്കുമ്പോൾ മടങ്ങി വരാമെന്ന ശുഭാപ്തി വിശ്വാസവുമായി സ്വന്തം പടിയിറങ്ങിയവരാണ്.150 000 ത്തോളം വരുന്ന പലസ്തീനികൾ  ഇസ്രായേലിൽ യെഹൂദരോടൊപ്പംതാമസിക്കുവാൻ തീരുമാനമെടുത്തു. അവർ ഇസ്രായേലി അറബ്‌സ് എന്ന പേരിൽ ഇപ്പോളും യെഹൂദരോടൊപ്പം ജീവിക്കുന്നു.

1948  മുതൽ 1967 ലെ രണ്ടാം അറബ് യുദ്ധം വരെ യുള്ള കാലഘട്ടം ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റേതായിരുന്നു. പുതുതായി രൂപം കൊണ്ട ഒരു രാജ്യത്തിൻറെ നിർമിതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലപ്പുറം പലസ്തീനികളിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള ഭീഷണികളെയും ചെറുത്തുനിൽക്കേണ്ടി വന്നു.
 
1954 ൽ ഈജിപ്തിൽ അബ്ദുൽ നാസ്സർ അധികാരത്തിലേറിയതുമുതൽ അറബ് രാഷ്ട്രങ്ങളെ ഒന്നിച്ചു നിറുത്തി ഇസ്രയേലിനെതിരെ വീണ്ടും ഒരു യുദ്ധത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ പിന്നണിയിൽ
നടക്കുന്നുണ്ടായിരുന്നു.1959 ൽ  യാസർ അറാഫത്‍  palastenian Liberation Movement, ഫത്താ  എന്ന സംഘടന സ്ഥാപിച്ചു കൊണ്ട് ഇസ്രായേൽ തിരിച്ചു പിടിക്കുമെന്നു  ശപഥമെടുത്തു.1964 ൽ ഇതേ ലക്ഷ്യത്തോടെ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ വേണ്ടി Ahmed Al Shugayri  യുടെ കീഴിൽ Palastinian Liberation Organisation (PLO )രൂപം കൊണ്ടു.

1967 ൽ 500 000 പടയാളികളും 50000  ടാങ്കുകളും 900 യുദ്ധവിമാനങ്ങളുമായി വെറും 275 000 പടയാളികളും 11 00 ടാങ്കുകളും 200 പോർമാനങ്ങളുമുള്ള ഇസ്രയേലിനെതിരെ യുദ്ധത്തിനൊരുങ്ങുമ്പോൾ അറബ് കുട്ടായ്മയ്ക് യുദ്ധവിജയം തീർച്ചയായിരുന്നു.എന്നാൽ അറബി കമാണ്ടർമാരുടെ പ്ലാനിങ്ങുകൾ പൂർത്തിയാകാൻ സമയം കൊടുക്കാതെ ഈജിപിറ്റിന്റെ യുദ്ധവിമാനങ്ങൾ മുഴുവൻ നശിപ്പിച്ചും ജോർദാനെയും ബാക്കി അറബി രാഷ്ട്രങ്ങളെ നിർവീര്യമാക്കിയും 6  ദിവസം കൊണ്ട് അറബികളുടെ മേൽ ഇസ്രായേൽ വിജയം നേടി. 

ഈ യുദ്ധത്തിൽ അറബികൾക്ക് ഗോലാൻ കുന്നും, ഗാസയും, യെരുശലേമും  തുടങ്ങി ധാരാളം നഷ്ടങ്ങൾ സംഭവിച്ചു.
വീണ്ടും അഭയാർത്ഥികൾ സൃഷ്ടിക്കപ്പെട്ടു. മറ്റു അറബ് രജ്ജ്യങ്ങളിൽ കുടിയേറിയ അഭയാർഥികൾ  അതാതു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചു് ഇസ്രയേലിലേക്കൊരു തിരിച്ചു പോക്ക് അസാധ്യമാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുമ്പോൾ ലെബനോനിലും,സിറിയയിലും ജോർദാനിലും ഗാസ താഴ്വാരങ്ങളിലും കിഴക്കൻ ജെറുശലേമിലുമൊക്കെയായി നിലവിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ വസിക്കുന്നവരുടെ എണ്ണം  48 ൽ 700 000 ഉണ്ടായിരുന്ന സ്ഥാനത്തു ഇന്നത് 5 മില്യൺ ആയി വർധിച്ചിരിക്കുന്നു.
ഈ ക്യാമ്പ് കളിൽ ജനിച്ചു വീഴുന്ന ഓരോ കുരുന്നിന്റെയും ചെവികളിൽ ഓതിക്കൊടുക്കുന്നത് ഇസ്രായേൽ നമ്മുടെതാണെന്നും, ഓരോ കുഞ്ഞും പിച്ച വയ്ക്കാൻ പഠിക്കുമ്പോൾ മുതൽ, കൈയിൽ ഒരു കല്ലെടുക്കാൻ പ്രാപ്തനാവുമ്പോൾ അതിർത്തിക്കപ്പുറത്തുള്ള ഇസ്രയേലികൾക്കു നേരെ കല്ലെറിഞ്ഞാൽ ഇസ്രായേൽ നമുക്ക് തിരിച്ചുകിട്ടുമെന്നുമാണ്. UN ന്റെയും NGO കളുടെയും ഔദാര്യത്തിൽ ജീവിതം തള്ളി നീക്കുന്നവർ വളർന്നാൽ, തങ്ങളുടെ നിലനിൽപിന് ആപത്താണെന്നു തിരിച്ചറിയുന്ന ഇസ്രയേലികൾ അവരെ ഒരു പരിധിയിലധികം വളരാൻ അനുവദിയ്ക്കുന്നില്ല.  

ഇസ്രായേൽ എന്ന രാജ്യത്തെയും യെഹൂദനെയും അംഗീകരിക്കാൻ വരെ തയാറാവാത്ത അറബികൾക്കു മുൻപിൽ അതിജീവനത്തിനായി ഇസ്രായേലിനു തിരിച്ചടിച്ചേ  പറ്റൂ.

ക്യാമ്പുകളിലുള്ള  പലസ്തീനികളെ  തിരിച്ചു പോക്കെന്നത് മിഥ്യ യാണെന്ന് മനസ്സിലാക്കുകയും, മറ്റു അറബ് രാജ്യങ്ങൾ അവരെ സ്വീകരിക്കുവാൻ തയാറായിക്കൊണ്ട്  ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സഹായ ഫണ്ടുകൾ ഇവരുടെ പുനരധിവാസത്തിനായി വിനയോഗിക്കുകയുമാണു വേണ്ടത്. യെഹൂദനും പലസ്തീനിയനും സ്വസ്ഥമായി ജീവിക്കണമെങ്കിൽ, മിഡിൽ ഈസ്റ്റിൽ സമാധാനം സാധ്യമാവണമെങ്കിൽ   ഈ സംഘർഷത്തിന് എത്രയും വേഗം പരിഹാരം കണ്ടേ മതിയാവൂ.


C.Abraham