Kerala Christian Church Properties and Institutions Trust Bill

സഭാ സ്വത്തു കരട് നിയമം 2009 - ഒരു അവലോകനം

ഇന്ത്യയിലെ പള്ളികൾക്കു വൻപിച്ച  സമ്പത്ത്  ആണുള്ളത്. 1947-ൽ  ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ  ഉണ്ടായിരുന്ന സ്വത്തും ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ  അന്നുള്ളതിനേക്കാൾ പതിന്മടങ്ങു സ്വത്തു  ആണ് പള്ളികൾക്കു ഇന്നുള്ളത് എന്ന് കാണാം. ഭരണഘടനയുടെ 27-)o  വകുപ്പ് അനുസരിച്ചു പള്ളികളുടെ സമ്പത്ത് നികുതി വിമുക്തമായതിനാൽ, ഈ വിധത്തിലുള്ള വ്യവസ്ഥകളുടെ പിൻബലത്തോടെ ഭാവിയിലും സഭയുടെ സമ്പത്ത് പൂർവാധികം വര്ധിക്കുവാൻ ആണ് സാധ്യത. ഇവയെല്ലാം ആരാണ് ഭരിക്കുന്നത്? ഇവ എങ്ങനെ, ആരുടെ നന്മയെ ലാക്കാക്കി ആണ് ഭരിക്കപ്പെടുന്നത്? ഒരു മതസമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ്  ഈ
Picture from Wikipedia
ചോദ്യങ്ങൾ.

പൊതുധാരണ അനുസരിച്ചു സഭാസ്വത്തു സമുദായത്തിന്റേതു ആണ്. എന്നാൽ, ഈ സമ്പത്തിന്റെ കാര്യത്തിൽ സമുദായത്തിന് യാതൊരു നിയന്ത്രണാധികാരവും ഇല്ല എന്നുള്ളതാണ് വസ്തുത. സഭാതലവന് അഥവാ മെത്രാന് മാത്രം ആണ് അവ ഭരിക്കുവാൻ അധികാരം ഉള്ളത്. പലപ്പോഴും ഇത്തരം ഭരണം സ്വേച്ഛാപരവും ഏകാധിപത്യപരവും ആയി മാറുന്നുണ്ട്. അതിനാൽ നമ്മുടെ ജനാധിപത്യപരമായ ഭരണവ്യവസ്ഥയിലും നിയമവാഴ്ചയുടെ പശ്ചാത്തലത്തിലും എല്ലാ സഭകൾക്കും ബാധകമായ ഒരു ഒറ്റ നിയമത്തിന്റെ കീഴിൽ സഭയുടെ സ്വത്തു ഭരിക്കപ്പെടുന്നതാണ് അഭികാമ്യം എന്ന ആശയം കുറെകാലങ്ങളായി വിശ്വാസികളുടെ ഇടയിൽ പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.  

പന്തക്കുസ്താ തിരുനാളിൽ സ്ഥാപിക്കപ്പെട്ടു എന്നും, ഏതാനും ക്രിസ്തുവിശ്വാസികളിൽ നിന്നു ആരംഭിച്ചു എന്നും കരുതപ്പെടുന്ന ക്രിസ്തീയ സഭ ഇന്ന് ലോകമാസകലം പടർന്നു പന്തലിച്ചിരിക്കുന്നു. വിവിധ പിളർപ്പുകളിലൂടെ കടന്നുപോയി എങ്കിലും ലോകത്തിന്റെ മുൻപിൽ ഒരു പ്രകാശ ഗോപുരമായി തന്നെ ക്രിസ്തുസഭ നിലനിൽക്കുന്നു. തോമസ് അപ്പസ്തോലൻ ഇന്ത്യയിലും ഈ സഭയുടെ വിത്ത്  നടുകയും  അന്ത്യോഖ്യാ സഭയാൽ നനക്കപ്പെട്ടു മലങ്കര സഭയായി അത് വളർന്നു വരികയും ചെയ്തു. 1599-ലെ ഉദയംപേരൂർ സൂനഹദോസ് വരെ ഈ ഒരേ ഒരു സഭയെ കേരളത്തിൽ ഉണ്ടായിരുന്നുള്ളു; അന്ത്യോഖ്യാ സഭയുടെ പരിപാലനത്തിൽ ആണ് അത് വളർന്നത്.

ക്രിസ്തുസഭാ സ്ഥാപകനായ യേശുവിന്റെ ജീവിതശൈലി കൂടെ ഇവിടെ ചെറുതായി ഒന്ന് പരാമര്ശിക്കപ്പെടേണ്ടതുണ്ട്. കാലിത്തൊഴുത്തിൽ ജനിച്ചു, ദരിദ്രനായി ജീവിച്ചു, കുരിശിൽ മരിച്ച യേശു തന്റെ ജീവിതത്തിൽ സമൃദ്ധിയുടെ തെളിവുകൾ ഒന്നുംതന്നെ
രേഖപ്പെടുത്തിയിട്ടില്ല. തന്റെ ജീവിതത്തിന്റെ അവസാന മൂന്നു വര്ഷം ഒരു പ്രവാചകൻ ആയോ സന്യാസി ആയോ   ഒക്കെ ജീവിച്ചിരുന്ന യേശു, തന്റെ ശിഷ്യന്മാർ ധനത്തിനു പിന്നാലെ പോകുവാൻ ആഗ്രഹിച്ചിട്ടില്ല എന്ന് മാത്രമല്ല, അത്തരം പ്രവണതകളെ കുറ്റപ്പെടുത്തുകയും ആണുണ്ടായത്.  ദൈവഭക്തിയുടെയും, കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും, ദാരിദ്ര്യത്തിന്റെയും, സന്ദേശമാണ് യേശു മനുഷ്യർക്ക് നൽകിയിട്ടുള്ളത്.

എന്നാൽ, യേശുവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട സഭകൾ, ആയിരക്കണക്കിന് സഭകൾ, ഇന്ന്  ഒന്നിനൊന്നിന്‌ സമ്പന്നവും തഴച്ചുവളരുന്നതും തന്മൂലം ശക്തവുമാണ്. ഇവയിൽ ലോകവ്യാപകമായി വേരുകളുള്ള, ശക്തമായ ഘടനയോടുകൂടിയുള്ള കത്തോലിക്കാസഭയാണ് ഏറ്റവും സമ്പന്നം. സമ്പത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപങ്ങളോട് അതിനെ തുലനം ചെയ്യുവാൻ സാധിക്കും. മതപരവും മതേതരപരവുമായ ആയിരക്കണക്കിന് സ്ഥാപനങ്ങൾ (schools, colleges, hospitals, estates, commercial complexes, etc.) സ്വന്തമായുള്ള ഇന്ത്യയിലെ കത്തോലിക്കാസഭ  200-ൽ അധികം മെത്രാന്മാരുടെ കീഴിൽ സുസംഘടിതമായ ഒരു പ്രസ്ഥാനമാണ്. സഭയുടെ ആകെ സ്വത്തു കണക്കാക്കുക ഏറെ വിഷമകരമാണ്.  ആരോടും കണക്കു പറയേണ്ടാത്ത വ്യവസ്ഥ നിലനിൽക്കുന്നതിനാൽ മെത്രാന്മാർ സഭയുടെ സ്വത്തു  അവരുടെ ഇഷ്ടം  അനുസരിച്ചു സ്വന്തം എന്നപോലെ നിയന്ത്രിക്കുന്നു; ഇത് ശരിയാണോ, ന്യായമാണോ, ഈ വ്യവസ്ഥിതിക്കു ഒരു മാറ്റം വരുത്തേണ്ടതല്ലേ  എന്നുള്ള ചോദ്യങ്ങൾ ഇന്ന് പൊതുസമൂഹത്തിൽ ശക്തമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെ വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്.  ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിശ്വാസികൾക്ക് അവകാശമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അധികാരമുള്ളത്.  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല, ബിഷപ്പുമാർ റോമിലെ  മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും  ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിന്റെ കീഴിൽ സുരക്ഷിതവുമാണ്.   

സഭയുടെ പൂർവചരിത്രം നോക്കിയാൽ, നാലാം നൂറ്റാണ്ടിലെ ഒന്നാം സിറിയൻ കുടിയേറ്റം ഈ സഭയുടെ ലൗകിക കാര്യത്തിൽ, പ്രത്യേകിച്ച്
സമ്പത്തിന്റെ കാര്യത്തിൽ വളർച്ച കുറിച്ചു. എങ്കിലും ഒൻപതാം നൂറ്റാണ്ടിലെ രണ്ടാം കുടിയേറ്റം ആണ് സഭയുടെ ലൗകിക സമ്പത്തിന്റെ ഭരണത്തിന് ഒരു വ്യപസ്ഥാപിത ഭരണ സമ്പ്രദായം കൊണ്ടുവന്നത്. മോർ ശാബോർ, മോർ അഫ്രോത് എന്നീ  ശ്രേഷ്ടന്മാർ ആണ് ബൈബിൾ അനുഷ്ഠിതം എന്ന് പറയപ്പെടുന്ന ഒരു ഭരണ രീതി ഇവിടെ സ്ഥാപിച്ചത്. അതിൻപ്രകാരം, സഭാസ്വത്തു ഭരണം ഒന്നാം സിറിയൻ കുടിയേറ്റം വരെ കുടുംബയോഗങ്ങളാലും, പിന്നീട്  രണ്ടാം സിറിയൻ കുടിയേറ്റം വരെ പള്ളിയോഗങ്ങളാലും, രണ്ടാം സിറിയൻ കുടിയേറ്റം മുതൽ ആദ്യം ക്രിസ്ത്യൻ രാജഭരണത്തിലും പിന്നീട് പള്ളിയോഗങ്ങളിൽ നിന്നുള്ള പ്രതിപുരുഷന്മാർ ചേർന്ന് തിരഞ്ഞെടുക്കുന്ന അർക്കദിയാക്കോൻ അഥവാ ആർച്ചു ഡീക്കൻ തലവനായ സഭായോഗങ്ങളാലും നടത്തപ്പെട്ടു എന്ന് കാണുന്നു. 

ഇക്കാലഘട്ടങ്ങളിലെല്ലാം ഭരണത്തിലും, സഭാസ്വത്തുക്കളുടെ ഉടമസ്ഥതയിലും എല്ലാം പള്ളിയോഗങ്ങൾക്കുള്ള സ്ഥാനം തർക്കരഹിതവും ചോദ്യം ചെയ്യുവാൻ സാധിക്കാത്തതും ആയിരുന്നു എന്ന് സഭാചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് സഭ സ്വതന്ത്ര ആയിരുന്നു. സഭയുടെ ആഭ്യന്തരകാര്യങ്ങൾ അതാത് പള്ളികളിലെ ഇടവക  ജനങ്ങൾ ആയിരുന്നു നിയന്ത്രിച്ചിരുന്നത്. ആദ്ധ്യാൽമിക കാര്യങ്ങളിൽ അല്ലാതെ സഭയുടെയോ പള്ളിയുടെയോ  ഭൗതിക കാര്യങ്ങളിൽ ഇടപെടുവാൻ യാതൊരു അവകാശവും പുരോഹിതർക്ക് ഉണ്ടായിരുന്നില്ല.

പോര്ടുഗീസുകാരുടെ വരവും പിന്നീടുണ്ടായ ഉദയംപേരൂർ സൂനഹദോസും വരെ ഈ സംവിധാനം തുടർന്നുപോന്നു. അതായത് പോര്ടുഗീസുകാരുടെ വരവുവരെ “ചർച്  ആക്ട് “ കേരളത്തിൽ നിലനിന്നിരുന്നു എന്നർത്ഥം. പോർട്ടുഗീസുകാർ ആണ് ഇത് അട്ടിമറിച്ചത് എന്ന് സഭാചരിത്രകാരന്മാർ ആയ റവ. ഡോ. സേവ്യർ കൂടപ്പുഴ,  റവ. ഡോ. പ്ലാസിഡ് പൊടിപാറ തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്.  അതുപോലെ ആൻഡ്രുസ് താഴത്തു, ജോസഫ് പൗവത്തിൽ തുടങ്ങിയ പിതാക്കന്മാർ ഇത് സമ്മതിക്കുന്നുമുണ്ട്. അവരുടെ പുരസ്‌തകങ്ങളിൽ അവർ ഇതിനു പറയുന്ന പേര് "മാർത്തോമ്മായുടെ നിയമം" (Law of Thomas ) എന്നാണു. അതനുസരിച്ചു ഇടവകയോഗമാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു. അങ്ങനെ ഉദയംപേരൂർ സൂനഹദോസ്  മുതൽ ആണ്  ലൗകിക സ്വത്തുക്കളുടെ ഭരണം മെത്രാന്മാരുടെ കൈകളിൽ ആയതു.

ഇടവകയോഗങ്ങളും പാസ്റ്ററൽ കൗൺസിലും ഒക്കെ ഇപ്പോഴും ഉണ്ട്. എന്നാൽ സ്വത്തു സംബന്ധമായ കാര്യങ്ങളിൽ   ഉപദേശിക്കുവാൻ അല്ലാതെ തീരുമാനങ്ങൾ എടുക്കുവാൻ ഈ വക സംഘടനകൾക്ക് അധികാരം ഇല്ല. കാനോൻ നിയമപ്രകാരം, ലൗകികവസ്തുക്കളിൽമേൽ  തീരുമാനം എടുക്കുവാൻ ഉള്ള അധികാരം വികാരിമാർ, മെത്രാന്മാർ
എന്നിവരിൽ ആണ് നിക്ഷിപ്തമായിട്ടുള്ളത്. അങ്ങനെ കാനോൻ നിയമം ഇന്ത്യക്കാരായ ക്രൈസ്തവരുടെ സഭാസ്വത്തുക്കളുടെ മേൽ സർവാധികാരമാണ് മെത്രാന്മാർക്ക് നൽകുന്നത്. ഒരു പരമാധികാര രാഷ്ട്രമായ ഇന്ത്യയിലെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനുള്ള അധികാരം താൻ നിയോഗിക്കുന്ന ഒരു മെത്രാന് നൽകുവാനു വത്തിക്കാൻ രാഷ്ട്രത്തലവൻ ആയ മാർപ്പാപ്പയ്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ എന്ന് ഭരണഘടനാപരമായ ഒരു ചോദ്യം ഇവിടെ നിലനിൽക്കുന്നുണ്ട്.  

ഏതായാലും ഈ നിയമത്തിന്റെ തണൽപറ്റി ചില മെത്രാന്മാർ നിര്ബാധമായി സഭയുടെ സ്വത്തുക്കൾ വിൽക്കുകയും, ആ തുകകൾ അവർക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾക്ക് ആയി വിനിയോഗിക്കുകയും ചെയ്തു തുടങ്ങി. തന്മൂലം ഈ നിയമരാഹിത്യത്തിന്റെ  അപകടം മനസ്സിലാക്കി 1980-ൽ മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ്  ടി. സത്യദേവ് ഒരു ഉത്തരവ് 1980  നവംബർ 12 ലെ ഹിന്ദു ദിനപത്രത്തിൽ റിപ്പോർട്ടു  ചെയ്തിരുന്നു. അതില് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത് സഭാസ്വത്തു ഭരണത്തില് ഒരു നിയമം  ആവശ്യമായിരുന്നു (law for the management  of church property needed) എന്നാണു.

കാലക്രമേണ, കേരള കത്തോലിക്കാസഭയിൽ ഇന്ന് നടന്നുവരുന്ന എല്ലാവിധ കൊള്ളരുതായ്മകൾക്കും, ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പീഡനങ്ങൾക്കും, അനധികൃത ഭൂമിക്രയവിക്രയങ്ങൾക്കും, കുരിശുനാട്ടിയുള്ള വനം കയ്യേറ്റങ്ങൾക്കും, ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞുള്ള വർഗീയ രാഷ്ട്രീയനീക്കങ്ങൾക്കും എല്ലാം അടിസ്ഥാന കാരണം സഭാസ്വത്തുക്കളും  സ്ഥാപനങ്ങളും ഭരിക്കുവാൻ ഒരു ആന്തരികനിയമം ഇന്ത്യയിൽ  ഇല്ലാത്തതാണ് എന്നുള്ള ആരോപണം ശക്തമായി ഉയർന്നു തുടങ്ങി. 

സത്യത്തിൽ സിറോ മലബാർ സഭ ഒരു സ്വതന്ത്ര സഭയാണ്.  രണ്ടാം വത്തിക്കാൻ കൗൺസിൽ അത് അംഗീകരിക്കുന്നുമുണ്ട്. സ്വതന്ത്ര സഭകൾക്ക് അവയുടെ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാമെന്നു രണ്ടാം വത്തിക്കാൻ  കൗൺസിൽ നിർദേശിക്കുന്നു.
റോമിന്റെ ആധിപത്യം എത്തുന്നത് വരെ പൗരോഹിത്യമോ ആധിപത്യമോ കൂടാതെ 16 നൂറ്റാണ്ടു കാലം നിലനിന്നിരുന്നന്ന കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് ആ പഴയ പാരമ്പര്യത്തിലേക്ക് തിരികെ പോകാനും സ്വാതന്ത്രരാകാനും അവകാശവും കടമയും ഉണ്ട് എന്നാണു രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദേശിക്കുന്നത്. “ചർച് ആക്ട്” അഥവാ “മാർത്തോമ്മായുടെ നിയമം” ആണ് നമ്മുടെ പാരമ്പര്യം. എന്നാൽ റോമൻ സഭാസംവിധാനം തങ്ങൾക്കു നൽകുന്ന സാമ്പത്തിക അധികാര സുഖങ്ങൾ വിട്ടുകളയാതെ, തങ്ങളുടെ ഭാരതസഭാ പൈതൃകത്തെ തള്ളിക്കളഞ്ഞു  കേരളസഭയ്ക്കു കൽദായ
പൈതൃകം ആണുള്ളത് എന്ന് വാദിക്കുകയും, ആ സഭയ്ക്ക് ബാധകമായ കാനോൻ നിയമം 1992-ൽ കേരളസഭയ്ക്കും കൂടെ ബാധകം ആക്കുകയും ആണുണ്ടായത്.

ഇതിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്  വിവിധ ക്രൈസ്തവ സഭകളിലെ ആളുകൾ  ഉൾപ്പെട്ട  എക്യൂമെനിക്കൽ ആക്ഷൻ ഫോറം എന്ന  കേരളത്തിലെ ഒരു അല്മായ സംഘടനയുടെ ഏതാണ്ട് 400 ഫോറം അംഗങ്ങൾ  പങ്കെടുത്ത 2004 ഓഗസ്റ്റ് 21- ലെ യോഗത്തിൽ ആണ് പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യുവാൻ ഒരു ഫെഡറൽ നിയമത്തിന്റെ ആവശ്യകത ഉണ്ടെന്ന ആശയം  മുന്നോട്ടു വന്നത് . പള്ളിവസ്തുക്കളും കോളേജുകൾ, ആശുപതികൾ തുടങ്ങിയവയും  ഭരിക്കുന്നത് മെത്രാന്മാർ, വൈദീകർ, സന്യാസർ തുടങ്ങിയവർ മാത്രം ആണ്, അവിടെ സുതാര്യത ഇല്ല എന്നിങ്ങനെയുള്ള  കാരണങ്ങൾ   ചൂണ്ടിക്കാണിച്ചാണ്  പള്ളിസ്വത്തു ഭരിക്കുന്നതിനു ഒരു ട്രസ്റ്റ് വേണം എന്ന ആവശ്യം ചില അംഗങ്ങൾ മുന്നോട്ടുവച്ചത്. ഇന്ത്യയിലെ മറ്റെല്ലാ മതസ്ഥരുടെയും പൊതുസ്വത്തു ഭരിക്കുവാൻ പ്രത്യേകം പ്രത്യേകം നിയമങ്ങളുണ്ടായിരിക്കെ ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തു ഭരിക്കുവാൻ മാത്രം നിയമ നിർമാണം നടപ്പിലാക്കാത്തതു മതവിവേചനം ആണ് എന്ന വാദവും യോഗം ഉന്നയിച്ചു. ചർച് ആക്റ്റിനുവേണ്ടി വളരെയേറെ ശബ്ദമുയർത്തിയ ഒരാളായിരുന്നു എക്യൂമെനിക്കൽ ആക്ഷൻ ഫോറം സെക്രട്ടറിയും പ്രമുഖ  സഭാവിമര്ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേൽ.

2006 ഒക്ടോബർ 24-നു കോട്ടയം ഡി.സി. കിഴക്കേമുറി ആഡിറ്റോറിയത്തിൽ വച്ച് ഫോറം ചെയർമാൻ ഡോ. എം. വി. പൈലിയുടെ അധ്യക്ഷതയിൽ ജസ്റ്റിസ് കെ. ടി. തോമസ് ഉദ്ഘാടനം ചെയ്തു, പ്രൊഫ. എൻ. എം. ജോസഫ്, ഡോ. സ്കറിയ സക്കറിയ, അഡ്വക്കറ്റ് ആന്റോ മർസെലിൻ തുടങ്ങിയ പ്രമുഖന്മാർ പ്രസംഗിച്ച യോഗത്തിന്റെ തീരുമാനപ്രകാരം ഒരു പള്ളിനിയമത്തിന്റെ ഒരു ഏകദേശ കരട് രൂപം തയ്യാറാക്കാൻ തീരുമാനമെടുത്തു. ഇത് സംബന്ധിച്ച രേഖകൾ അന്നത്തെ നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണ അയ്യർക്കു   അയച്ചുകൊടുക്കുകയും ചെയ്തു.  അത്തരം ഒരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചു മറ്റു പല സംഘടനകളും കൃഷ്ണ അയ്യർ കമ്മീഷന് മുൻപിൽ നിവേദനം കൊടുത്തിരുന്നു. 
ജസ്റ്റിസ് വി. കൃഷ്ണ അയ്യർ അധ്യ്ക്ഷനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌ക്കാരകമ്മീഷന്റെ പരിഗണനക്കു  ഈ വിഷയം കൂടി ഉൾപ്പെടുത്തി, ആവശ്യമായ  പഠനങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷം 2009 ജനുവരി 26-നു “ദി കേരള ക്രിസ്ത്യൻ ചർച് പ്രോപ്പർട്ടീസ് ആൻഡ് ഇന്സ്ടിട്യൂഷൻസ് ട്രസ്റ്റ് ബിൽ 2009” എന്ന കരടുനിയമം നിയമമാക്കാൻ കമ്മീഷൻ  ശുപാർശ ചെയ്‌തു, അന്നത്തെ നിയമമന്ത്രി എം. വിജയകുമാറിന് സമർപ്പിച്ചു. അത് ചർച്ച ചെയ്തു
നിയമം  ആക്കുവാനുള്ള നടപടികൾ വൈകാതെ തുടങ്ങുന്നത് ആണെന്ന് മന്ത്രി പ്രസ്താപിക്കുകയും  ചെയ്തു. തുടർന്ന് ക്രൈസ്തവരുടെ സ്വത്തു ഭരണത്തെക്കുറിച്ചുള്ള ഒരു നിയമത്തിന്റെ ആവശ്യകതയേക്കുറിച്ചു കമ്മീഷൻ ഗവർമെന്റിനു ശുപാർശ ചെയ്യുകയും ചെയ്തു. ഇതാണ് ചർച്ച ആക്ടിന്റെ ആരംഭം.
എന്നാൽ ഇതേതുടർന്ന് മെത്രാന്മാർ രംഗത്ത് വന്നു. വിമോചനസമരകാലത്തു "പള്ളിവസ്തുക്കൾ എല്ലാം കമ്മ്യൂണിസ്റ്റുകാർ പിടിച്ചെടുക്കുവാൻ പോകുന്നു" എന്ന് പ്രചരിപ്പിച്ച അതെ ശൈലിയിൽ ഈ നിയമനിര്മാണത്തിനെതിരെ ഇടയലേഖനങ്ങൾ ഇറക്കുകയും, അച്ചമ്മാരെക്കൊണ്ട്  പ്രസംഗിപ്പിക്കുകയും, വിശ്വാസികളെക്കൊണ്ട് സർക്കാരിന് മാസ്സ് പെറ്റിഷനുകൾ അയപ്പിക്കുകയും ചെയ്തു. അതോടെ ഒരു രണ്ടാം വിമോചനസമരം ഭയന്ന് ചർച് ആക്ട്  ചർച്ച ചെയ്തു നടപ്പിലാക്കുവാനുള്ള ഉദ്യമം ആ സർക്കാർ മാറ്റിവച്ചു. മെത്രാന്മാരോടുള്ള ഭയപ്പാട് മൂലം തുടർന്ന് വന്ന UDF LDF സർക്കാരുകളും ഇക്കാര്യത്തിൽ നിസ്സംഗതാ നിലപാട്  സ്വീകരിക്കുക ആണ് ഉണ്ടായത്.
ഈ ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്ന ഭാഗത്തു ഇപ്രകാരം പറയുന്നു: കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികൾ പൂർവകാലം മുതൽ ട്രസ്റ്റുകൾ എന്നപോലെ ആണ് കൈകാര്യം ചെയ്തുവരുന്നത് എങ്കിലും അവ ഇന്നുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് പലവിധത്തിലുള്ള നിയമപരമായ സങ്കീര്ണതകൾക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ സഭകളുടെ ലൗകിക ആസ്ഥികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതുവഴി ലൗകിക സമ്പത്തുകളുടെ ഭരണം, ബൈബിൾ അനുഷ്ഠിതമായ ശരിയായ ക്രൈസ്തവരൂപമാതൃകയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഈ ബില്ല് ഉദ്ദേശിക്കുന്നു". ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നത് ക്രൈസ്തവസഭകളുടെ സ്വത്തുക്കളുടെ ഭരണം നിയമപ്രകാരം അല്ലായിരുന്നു എന്നുള്ളതാണ്. ഇത്തരം ഒരു നിയമത്തിന്റെ അഭാവത്തിലാണ് പരമോന്നതകോടതിയിൽ നിന്നും ഇടവക പൊതുയോഗതാല്പര്യം നിഷേധിച്ചുകൊണ്ടുള്ള വിധി  മലങ്കരസഭയുടെ 1934-ലെ ഭരണഘടനയ്ക്ക് അനുകൂലമായത്.

ഹിന്ദുക്കളുടെ ദേവസ്വം ബോർഡ് പോലെയോ, മുസ്ലിങ്ങളുടെ വഖഫ് (Wakff) പോലെയോ, സിക്കുകാരുടെ ഗുരുദ്വാര ആക്ട് പോലെയോ അല്ലാതെ ഇടവക പൊതുയോഗം വഴി തെരഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതലട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനം ആണ് ചര്ച്ച് 
ആക്ട്. ഈ കരട് നിയമപ്രകാരം ഇടവകയും, രൂപതയും, സ്റ്റേറ്റ് സഭയും മൂന്നു സ്വതന്ത്ര ട്രസ്റ്റുകൾ ആയിരിക്കുകയും എന്നാൽ ഇടവക വഴി തിരഞ്ഞെടുക്കപ്പെടുന്നത് മൂലം പരസ്പരം വിട്ടുപിരിയാത്ത രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. മതപരമായ ഒരു വിശ്വാസ, ആചാര, അനുഷ്ട്ടാന, ദൈവശാസ്ത്ര പ്രബോധന
കാര്യങ്ങളിലും ഈ കരട് നിയമം ഇടപെടുന്നില്ല, ഇനിയും ഇടപെടുകയും ഇല്ല എന്ന് ബില്ലിൽ പറഞ്ഞിരിക്കുന്നത് വളരെ സ്വീകാര്യം ആണ്.  

ഈ ബില്ല് നിയമം  ആയിക്കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ തന്നെ ഇടവക പൊതുയോഗം കൂടി സ്വന്തമായ ഭരണ ഘടന രൂപീകരിക്കുവാൻ  ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പള്ളിവസ്തുക്കളുടെ നിഷിപ്തമാക്കൽ (11 - വെസ്റ്റിംഗ് ഓഫ് ചർച് പ്രോപ്പർട്ടീസ്) എന്ന തലക്കെട്ടിന്റെ താഴെയായി ബില്ലിൽ പറയുന്ന ഒരു ഭാഗം ഇപ്രകാരം ആണ്: ട്രസ്റ്റ് രജിസ്ട്രേഷന് ശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും ബോർഡ് ഓഫ് ട്രസ്ടിൽ നിക്ഷിപ്തമായിരിക്കും. അതായത് പള്ളിപൊതുയോഗം തെരഞ്ഞെടുക്കുന്ന കമ്മിറ്റികളിൽ ആണ് സ്വത്തിന്റെ ഉടമസ്ഥത എന്ന് ചുരുക്കം.

കേരളത്തിലെ ഇന്നത്തെ മത, സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ച് ആക്ടിന്റെ പ്രസക്തിയും പ്രാധാന്യവും എത്രയാണെന്ന് ഒട്ടു മിക്ക മലയാളികള്‍ക്കും അറിയാമെങ്കിലും, ഈ വിഷയത്തെ ചുറ്റിപ്പറ്റി  കുറെയേറെ തെറ്റിധാരണകള്‍ പലരുടെയും മനസ്സിൽ
കടന്നുകൂടിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം, "സഭാതനയർ കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു." എന്ന നിലപാട് മെത്രാൻ സമിതി ഇക്കാര്യത്തിൽ സ്വീകരിച്ചത് ആണ്. 

ചർച് ആക്ട് വരുന്നതിനെ എതിർക്കുന്നവരുടെ ആശങ്ക സഭയുടെ സ്വത്തുക്കൾ സർക്കാർ കൊണ്ടുപോകും, ന്യുനപക്ഷാവകാശം നഷ്ടപ്പെടും, സ്കൂളുകളും ആശുപത്രികളും ഗവർമെന്റ് പിടിച്ചെടുക്കും എന്നൊക്കെയാണ്. ന്യുനപക്ഷങ്ങൾക്കു അവകാശപ്പെട്ടത് കരഗതമായിട്ടു അധികകാലം ആയിട്ടില്ല എന്നോർക്കണം. വൈദീകരെയും, കന്യാസ്ത്രീകളെയും അധ്യാപകരാക്കി ക്രിസ്ത്രീയ സ്ഥാപനങ്ങൾ വരുമാനം വർധിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് മാറ്റിയെടുക്കാൻ യഥാർഥ ന്യുനപക്ഷാവകാശികൾക്കു സമരം നടത്തേണ്ടിവന്നിട്ടുണ്ട്. ന്യുനപക്ഷസ്ഥാപനങ്ങളിലെ വിദ്യാർത്ഥിസീറ്റും അധ്യാപക അവസരവും പുറത്തുവിറ്റു പണം സന്പാദിച്ചിരുന്നു. ന്യുനപക്ഷാവകാശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതെ സമുദായത്തിലെ കുട്ടികൾക്ക് നിശ്ചിത ശതമാനം സീറ്റു ഉറപ്പാക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേരളത്തിലെ ഒരു മെത്രാൻ അപ്പീലിന് പോയിട്ട് വിജയിച്ചില്ല എന്നതും ചരിത്രം ആണ്.  

“ചർച്  ആക്ട് വഴി സഭയുടെ സ്വത്തുക്കൾ എല്ലാം സർക്കാരിനെ കൊണ്ടേല്പ്പിക്കുകയാണ് “ എന്ന ആരോപണം തികച്ചും അസ്ഥാനത്താണ്. കാരണം, ചർച്  ആക്ട് വഴി ഇടവകയുടെ  സ്വത്തിന്റെ ഭരണം 18 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീപുരുഷന്മാർ തെരഞ്ഞെടുക്കുന്ന സമിതിയാണ് നടത്തുന്നത്. ഈ ഇടവക സമിതിയുടെ അധ്യക്ഷൻ വികാരിമാരും. ഇടവകയിലെ സമിതികൾ തെരഞ്ഞെടുത്തു വിടുന്നവരാണ്‌ രൂപതാസമിതിയിൽ ഉള്ളതും രൂപത സ്വത്തു ഭരിക്കുന്നതും. അതിന്റെ അധ്യക്ഷൻ മെത്രാൻ ആയിരിക്കും, പക്ഷെ സമ്പത്തിനുമേലുള്ള നിയന്ത്രണവും അധികാരവും സമിതിക്കു മാത്രം ആയിരിക്കും. രൂപതാ സമിതികൾ തെരഞ്ഞെടുത്തു വിടുന്നവർ ആയിരിക്കും സംസ്ഥാന സമിതിയിൽ ഉള്ളതും സംസ്ഥാനസഭാസ്വത്തു ഭരിക്കുന്നതും. അതുകൊണ്ടു ചർച്  ആക്ട് ദേവസ്വം ബോർഡ് പോലെയല്ല, അതിലും ഉയരത്തിലാണ്, മെച്ചപ്പെട്ടതാണ്. ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഹിന്ദുക്കളായ ജനപ്രതിനിധികൾ ചേർന്നാണ്. എന്നാൽ ചർച്  ആക്ട് ബിൽ പ്രകാരം 18  വയസ്സിനുമേൽ പ്രായമുള്ള എല്ലാ വിശ്വാസികൾക്കും വോട്ടവകാശം ഉണ്ട്. 

ബൈബിൾ അനുസരിച്ചു ശ്ലീഹന്മാർ ആവശ്യപ്പെടുന്നത് വിശ്വാസികൾ അവരുടെ സ്വത്തു ഭരിക്കട്ടെ എന്നാണല്ലോ. യേശുവിന്റെ  ഉത്ഥാനത്തിനു ശേഷം, സഭയുടെ ആവശ്യത്തിലേക്ക്, ആത്മാവില് പൂരിതരായ പലരും തങ്ങളുടെ സ്വത്ത് വിറ്റ് അപ്പസ്തോലന്മാരുടെ കാല്ക്കല് വെച്ചു എന്നു നാം വായിക്കുന്നു. ഈ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന് അപ്പസ്തോലന്മാര് ഒരുമിച്ചുകൂടി. ദിനംതോറുമുള്ള ഭക്ഷണ വിതരണത്തില് പക്ഷാഭേദം കാണിക്കുന്നു എന്നു പറഞ്ഞ് ഗ്രീക്കുകാര് എബ്രായര്ക്കെതിരെ പിറുപിറുക്കുകയും ചെയ്തു.
അപ്പസ്തോലന്മാരുടെ ആദ്യത്തെ സൂനഹദോസ് തീരുമാനം ഇങ്ങനെയായിരുന്നു. ``ഞങ്ങള് ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില് ഏര്പ്പെടുന്നത് ശരിയല്ല. അതിനാല് സഹോദരെ നിങ്ങളുടെ ഇടയില് നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക അവരെ ഞങ്ങള് ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ പ്രാര്ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്ര ചിത്തരായിരുന്നുകൊള്ളാം. അപ്പ. പ്രവര്ത്തി 6/1:7. 

അപ്പസ്തോലന്മാര് ഏതാനും മാസങ്ങൾ കൊണ്ടു പ്രാവർത്തികമാക്കിയ കാര്യം രണ്ടായിരം വര്ഷങ്ങൾ  കഴിഞ്ഞിട്ടും കേരളകത്തോലിക്കാസഭ നടപ്പിലാക്കിയിട്ടില്ല, അതിനു താല്പര്യം കാണിക്കുന്നില്ല എന്ന് ചർച് ആക്ട് അനുകൂലികൾ ആരോപിക്കുമ്പോൾ, പണം കൈകാര്യം ചെയ്യുന്ന സഭാധികാരികള് പണം വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലല്ലോ എന്ന വാദമാണ് അവരുടെ എതിരാളികൾ ഉയർത്തുന്നത്. എന്നാൽ
നിർഭാഗ്യവശാൽ വര്ത്തമാനകാല സാഹചര്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഈ വാദം നിലനില്ക്കുന്നതല്ലല്ലോ.
കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ചിടത്തോളം പണം നല്കുകയല്ലാതെ അതു എതിലെ പോകുന്നു എന്നതിനെക്കുറിച്ചു വ്യക്തമായ ഒരു ധാരണയും ഇല്ല, എല്ലാം വിശ്വാസം മാത്രമാണ്. അന്ധമായ വിശ്വാസത്തിനു അപ്പുറം കണ്ണുകൊണ്ടു കാണാവുന്ന ദൃഷ്ടിഗോചരമായ ഒരു നിയമം ഇന്നത്തെ സാഹചര്യത്തിൽ ആവശ്യം ആണ്  എന്ന വാദത്തിനു പിൻബലം ലഭിച്ചു കൊണ്ടിരിക്കുന്നത് തന്മൂലമാണ്.

ആദ്ധ്യാത്മിക ശുശ്രൂഷയും ഭൗതികഭരണവും പൂർണമായും വേർതിരിച്ചു ക്രിസ്തുവിന്റെ കല്പനയും, അപ്പോസ്തലന്മാരുടെ തീരുമാനവും, ഭാരതസഭയുടെ പൂർവപാരന്പര്യവും  നിലനിര്ത്തിക്കൊണ്ടാണ് ചര്ച്ച് ആക്റ്റിനു രൂപം കൊടുത്തിരിക്കുന്നത്. പൗരോഹിത്യശുശ്രൂഷയില് ഏര്പ്പെട്ടിരിക്കുന്നവര് സമ്പത്തുകൂടി കൈകാര്യം ചെയ്താല് ഏകാഗ്രത നഷ്ടമാകുമെന്ന് അപ്പസ്തോലന്മാര് തന്നെ കണ്ടെത്തിയ സത്യമാണ്. ഇപ്പോള് വചനശുശ്രൂഷകരായ പല ഗുരുക്കന്മാരും എങ്ങനെ അധികമായി പണം സമ്പാദിക്കാം എന്ന ജാഗ്രതയിലാണ്. അതിനാല് ദൈവജന ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്ന പുരോഹിതര് പണത്തിന്റെ ശുശ്രൂഷ അവസാനിപ്പിക്കുകയും വിശ്വാസികളെ സജ്ജരാക്കുകയും വേണം.
ചര്ച്ച് ആക്റ്റിലൂടെ വിശ്വാസികളുടെ ഇടപെടല് സഭയില് ഉണ്ടാകുകയും അവരുടെ ഉത്തരവാദിത്വം വര്ദ്ധിക്കുകയും, മെത്രാന്മാര് നിരന്തരം ആഹ്വാനം ചെയ്യുന്നതു പോലെ വിശ്വാസികളുടേതാണ് സഭ എന്ന ബോദ്ധ്യം ഉണ്ടാകുകയും സഭ വളരുകയും ചെയ്യും. 

ബ്രിട്ടീഷുകാർ രൂപം കൊടുത്ത വക്കഫ് ആക്ടിന്റെയും ഗുരുദ്വാര ആക്ടിന്റെയും ചുവടു പിടിച്ചാണ് ചർച് ആക്ടും വരുന്നത് എന്ന് പറഞ്ഞല്ലോ.  ഈ രണ്ടു ന്യുനപക്ഷ വിഭാഗങ്ങളും യാതൊരു പരാതിയും ഇല്ലാതെയാണ് കഴിയുന്നത്. അവരുടെ ന്യുനപക്ഷാവകാശങ്ങൾ ആരും കവർന്നെടുത്തിട്ടില്ല. ഒരു നിയമം ഉണ്ടാക്കുക എന്നാൽ സംരക്ഷണം ഉണ്ടാകുക എന്നാണു അർത്ഥം. നിയമം വിട്ടു സഞ്ചരിക്കുന്നവർക്കു ആദ്യം ബുദ്ധിമുട്ടു ഉണ്ടായേക്കാം. ഇന്ത്യൻ ഭരണഘടന 25-)o വകുപ്പനുസരിച്ചു ഇന്ത്യയിലെ മതവിഭാഗങ്ങളുടെ സാമ്പത്തികവും ധനപരവും രാക്ഷ്ട്രീയവുമായ മതേതരപ്രവർത്തങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം നിർമ്മിക്കാവുന്നതാണ് (ഭരണഘടനാ 25 എ). ഇന്ത്യയിൽ ക്രൈസ്തവർ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളുടെയും ഭൗതികഭരണം നിയമം അനുസരിച്ചാണ് നടത്തപ്പെടുന്നത്. ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിട്ട് എഴുപതോളം വര്ഷങ്ങളായി. ക്രൈസ്തവരുടെ പൊതുസമ്പത്തു ഭരിക്കുന്നതിനു ഒരു നിയമവും ഇന്നില്ല എന്നത് ക്രൈസ്തവരോടുള്ള കടുത്ത വിവേചനമായിട്ടാണ് കാണുന്നത്, ഈ വിടവ് അടിയന്തിരമായി
നികത്തണം എന്നാണു ജസ്റ്റിസ് കൃഷ്ണ അയ്യർ കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്.

ചർച് ആക്ട് അല്മായരുടെ അവകാശങ്ങൾ ഉറപ്പാക്കി അവരെ ശാക്തീകരിക്കുന്നു. ഒപ്പം, അഭിഷിക്തരുടെ പ്രസക്തിയും പ്രാധാന്യവും വിശ്വാസികൾ അംഗീകരിക്കണം എന്നും ബിൽ നിർദ്ദേശ്ശിക്കുന്നു. 20 -)o  വകുപ്പിന്റെ രണ്ടാം ഉപവകുപ്പു ഇങ്ങനെ പറയുന്നു: തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് ആല്മീയ ശുശ്രൂഷകർക്കു സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. 20 -)o  വകുപ്പിന്റെ മൂന്നാം ഉപവകുപ്പു അവർക്കു ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും പുരോഹിതർക്കും സന്യസ്തർക്കും ഉറപ്പാക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.  20 -)o  വകുപ്പിന്റെ  നാലാം വകുപ്പ് അവർക്കു ആല്മീയ ശുശ്രൂഷക്കു ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും അർഹമായ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു.  അതുപോലെ തന്നെ ചർച് ആക്ട് കണിശമായും പുരോഹിതർക്കും കന്യാസ്ട്രീകൾക്കും ഭീഷണിയല്ല, അവരുടെ സുരക്ഷിതത്വം അത് ഉറപ്പു വരുത്തുക ആണ് ചെയ്യുന്നത്. ചർച് ആക്ട് പാസ്സായിരുന്നു എങ്കിൽ അടുത്തകാലത്തു നടന്ന  ഭൂമികുംഭകോണം, കന്യാസ്ട്രീകളുടെ തെരുവിലെ സത്യാഗ്രഹം തുടങ്ങിയ നിർഭാഗ്യ സംഭവങ്ങൾ സഭയുടെ പ്രതിച്ഛായ നശിപ്പിക്കുവാൻ ഇടയാകുകയില്ലായിരുന്നു.

കത്തോലിക്കാ സഭയിലെ അല്മായനേതൃത്വം ആണ് ചർച്  ആക്ട്  ബില്ല് രൂപീകരണത്തിന് വഴി ഒരുക്കിയത് എന്ന് മുൻപ് പറഞ്ഞല്ലോ.. അതുകൊണ്ടു തന്നെ ബില്ല് നിയമസഭയിൽ പാസ്സാക്കുന്നതിനു വിവിധ മൂവ്മെന്റുകൾ കത്തോലിക്കാ അല്മായർ തുടങ്ങിയിട്ടുണ്ട്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ (ജെസിസി), കേരള കത്തോലിക് റീഫോർമേഷൻ മൂവ്മെന്റ് (കെസിആർഎം) ഓൾ കേരള ചർച്  ആക്ട് ആക്‌ഷൻ കൗൺസിൽ (എകെസി എഎസി ), ലത്തീൻ സഭയുടെ ചർച്  ആക്ട് ആക്‌ഷൻ കൗൺസിൽ (എൽസിഎഎസി), കേരള കത്തോലിക്കാ ഫെഡറേഷൻ (കെഎഫ് സി) തുടങ്ങിയവ എല്ലാം ഇത്തരം പ്രസ്ഥാനങ്ങൾ ആണ്. യാക്കോബായ സഭയിൽ  ചർച്  ആക്ട് പാസ്സാക്കുന്നതിനു വേണ്ടിയുള്ള സമരത്തിൽ പങ്കു ചേരുന്നതിനായി രൂപീകരിച്ച സംഘടനയാണ്  മലങ്കര ആക്‌ഷൻ കൗൺസിൽ ഫോർ ചർച്  ആക്ട് ബിൽ ഇമ്പ്ലിമെന്റാഷൻ (എംഎസിസിഎബിഐ). പൊതുയോഗം കൂടി ചർച് ബില്ലിന് പിന്തുണ കൊടുത്തുകൊണ്ട്, അത് എത്രയും പെട്ടെന്ന് നിയമം ആകുവാനുള്ള പ്രമേയം പൊതുയോഗം പാസ്സാക്കുകയും മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

ആദിമനൂറ്റാണ്ടു മുതൽ ഭാരതത്തിലെ ക്രൈസ്തവസഭകളുടെ സ്വത്തുക്കൾ വിശ്വാസികളുടെ ഉടമസ്ഥതയിൽ തന്നെ ആയിരുന്നു എന്ന്
മുൻപേ പറയുകയുണ്ടായല്ലോ. അത് നിയമമാക്കിക്കൊടുക്കണം എന്ന് ആദ്യമായി  പറഞ്ഞത് വി ആർ കൃഷ്ണയ്യരോ, ചർച്  ആക്ട്  മൂവ്മെന്റുകളോ അല്ല, മറിച്ചു ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 
26- ൽ മതങ്ങൾക്ക് സ്വത്തുക്കൾ സമ്പാദിക്കുവാനും ഭരിക്കുവാനും ഉള്ള അവകാശം ഉണ്ട് എന്നും, അപ്രകാരം ഭരിക്കപ്പെടേണ്ടത് നിയമപ്രകാരം ആയിരിക്കണം എന്നും, ആയതിനു നിയമനിർമാണം നടത്തിക്കൊടുക്കണം എന്നും പ്രസ്താവിച്ചിരിക്കുന്നു. അതിൽ പറയുന്നത് പോലെ ക്രൈസ്തവസഭകൾക്ക് വേണ്ടിയുള്ള നിയമനിർണാനത്തിന്റെ കരട് ആണ്  ചർച്  ആക്ട്  ബില്ല്.  

കാത്തോലിക്കാ  ബിഷപ്പുമാര്‍  നിസഹകരിക്കുന്നതുകൊണ്ട്  ഈ  നിയമം നിര്മ്മിക്കാന്‍  സര്ക്കാരിന്  ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും വളരെ പതുക്കെയാണെങ്കിലും സര്‍ക്കാര്‍  നിയമനിര്‍മാണവുമായി മുന്നോട്ടു  തന്നെയാണ്  നീങ്ങുന്നത് .
------------------------------------------------------------------------------------------------------------------
Compiled and adapted by:  Rita Vimalassery, Feb 2019
Sources: 
* Various web sites, flyers, social media & magazines
* Dr. M.V. Paily: സഭകളുടെ പൊതുസ്വത്തിന്റെ ഭരണം
* Joseph Pulikkunnel: Need for a Church Act, for the administration of the community wealth of Christians
* Lay Group Demands Law To Regulate Management Of Church Assets UCA news 02.09.2004