സ്ത്രീസംവരണനിയമമോ, മൗലികാവകാശലംഘനമോ? (G)


സ്ത്രീസംവരണനിയമമോ, മൗലികാവകാശലംഘനമോ?

ജോർജ്ജ് ഓടത്തെക്കേൽ

1250 മില്യൺ ജനങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ രാജ്യം കമ്യൂണിസ്റ്റ് ചൈനയാണെങ്കിലും ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണതലത്തിൽ പരമോന്നത സ്ഥാനം

അലങ്കരിക്കുന്നത് ഒരു വനിതയാണ്‌ - പ്രതിഭാ പാട്ടീൽ.  ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റുപദവി വഹിക്കുന്നത് ഒരു വനിതയാണ്‌ - സോണിയാ ഗാന്ധി.  ഈ വലിയ ജനാധിപത്യരാജ്യത്തിലെ പാർലമെന്റ്‌ ഉപരിമണ്ഡലത്തിലെ പാർലമെന്ററി സഭാനടപടികൾ നിയന്ത്രിക്കുന്നതും ഒരു വനിതയാണ്‌ - ശ്രീമതി മീരാകുമാർ.  ഇങ്ങനെ  ഇൻഡ്യയിൽ സ്ത്രീകൾ കടന്നുവരാത്തതായി ഒരു തൊഴിൽ മേഖലയുമില്ല.  പുരുഷന്റെ കുത്തകയെന്നു പുരുഷൻ സ്വയം അഭിമാനിച്ചിരുന്ന വിമാനപൈലറ്റുകൾ, തീവണ്ടി എഞ്ചിൻ ഡ്രൈവർമാർ, കര, നാവിക വ്യോമസേനകളിലെ ഉയർന്ന കേഡർ ഓഫീസർമാർ ഇവിടെയെല്ലാം വനിതകളുടെ പ്രതിനിധികളുണ്ട്.  പ്രൊഫഷൻ എന്തു തന്നെയായിരുന്നാലും ഇതൊക്കെ താൻ തന്നെയാണു്‌ ഭരിച്ചു നയിച്ചുകൊണ്ടുപോവുന്നത് എന്ന് ഒരു വനിതയും അഹങ്കരിക്കാറില്ലെന്നു മാത്രം.  തനിക്കസാധ്യമെന്നു സമൂഹം മുദ്രയടിച്ചു കഴിഞ്ഞിരുന്ന രംഗങ്ങളിലൊക്കെ എത്തിപ്പറ്റാൻ സാധിച്ചതിൽ ഇവരൊക്കെ അഹങ്കരിക്കുകയല്ല, സ്വയം അഭിമാനിക്കുകയാണു ചെയ്യുന്നത്,  പുരുഷനും ഒപ്പം സ്ത്രീയുമടങ്ങുന്ന സമൂഹം തനിക്കീ അവസരം തന്നതിന്‌ - അതാണു സ്ത്രീയുടെ മഹത്വവും.
നിർഭാഗ്യവശാൽ, നിയമനിർമ്മാണ സഭയുടെ അത്യുന്നതപീഠമായ പർലമെന്റിൽ വനിതകൾക്ക് പ്രതിനിധ്യം തുലോം തുഛം.  543 അംഗങ്ങളുള്ള പാർലമെന്റിൽ 59 വനിതകൾ മാത്രം.  ഇതൊരു ശോചനീയമായ അവസ്ഥയാണെന്നു കണ്ട്, പുരുഷനും സ്ത്രീയുമടങ്ങുന്ന സമൂഹം തന്നെ അവർക്ക് ഈ സഭയിൽ 33.3% സംവരണം നൽകണമെന്ന തീരുമാനവുമായി മുന്നോട്ടുവന്നു.  എന്നു വച്ചാൽ 543 സീറ്റുകളുള്ള പാർലമെന്റിൽ 181 സീറ്റുകളും അതുപോലെ 28 സംസ്ഥാന നിയമസഭകളിലെ 4109 സീറ്റുകളിൽ 1370 എണ്ണവും സ്ത്രീകൾക്കു മാത്രമായി നീക്കിവക്കണമെന്നു സാരം.  അപ്പോഴും ബാക്കിയുള്ള മൂന്നിൽരണ്ടു ഭാഗം സീറ്റുകളിൽ സ്ത്രീക്കും പുരുഷനും തുല്യാവകാശവും ! 1996 സെപ്റ്റംബർ 12 -)ം തീയതി എച്ച്. ഡി. ദേവഗൗഡ നയിച്ചിരുന്ന യുണൈറ്റഡ് ഫ്രണ്ട് ഗണ്മെന്റാണ്‌ ഈ നിർദ്ദേശം ആദ്യമായി കൊണ്ടുവന്നതെങ്കിലും നിരന്തരമായ എതിർപ്പുകൾ മൂലം നിർദ്ദേശം തള്ളപ്പെടുകയായിരുന്നു.

പക്ഷേ, 2010 മാർച്ച് 9 ന്‌ രാജ്യസഭയിൽ ഇത്‌ വോട്ടിനിട്ടപ്പോൾ 186 പേർ അനുകൂലിച്ചും ഒരേ ഒരാൾ മത്രം എതിർത്തും വോട്ടു ചെയ്തതുകൊണ്ട് വനിതാസംവരണമെന്ന ഈ നിയമം പ്രാബല്യത്തിൽ വരുമെന്നു തന്നെയാണ്‌ ഇതിന്റെ പ്രോക്താക്കളുടെ വാദവും.  അന്നുമുതലാണ്‌ ഈ ബില്ല് ലോകസഭയിൽക്കൂടി അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാൻ തിരക്കു കൂട്ടുന്നത്.  ലോക് സഭയിൽ ഇതവതരിപ്പിച്ചു പാസാക്കിയെടുക്കുവാൻ ഒരല്പം സങ്കീർണ്ണമായ നടപടിക്രമങ്ങൾ വേണ്ടിവരുമെങ്കിലും.  ഇതു മുന്നിൽ കണ്ട്കൊണ്ട് ഈ ബില്ലിനെ നഖശിഖാന്തം എതിർക്കാൻ പല ഉത്തരേന്ത്യൻ പാർട്ടികളുടെയും നേതൃത്വങ്ങൾ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. 

രാഷ്ട്രീയ ജനതദളിലെ {RJD}  ലല്ലുപ്രസാദ് യാദവും സമാജ് വാദി പാർട്ടിയിലെ മുലായംസിംഗ് യാദവും ആണ്‌ ഇവരിൽ മുന്നിൽ.  ലല്ലുപ്രസാദ് യാദവിന്റെ അഭിപ്രായത്തിൽ ഈ നിയമം കൊണ്ടുവന്നാൽ സമൂഹത്തിന്റെ മറ്റു ഘടക വിഭാഗങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം നഷ്ടപ്പെട്ടുപോവും.  പിന്നോക്കസമുദായത്തിൽ പ്പെട്ടവർക്ക് -സ്ത്രീയായാലും പുരുഷനായാലും പ്രാതിനിധ്യം ലഭിക്കുകയുമില്ല.  കാരണം വരേണ്യവർഗ്ഗത്തില്പ്പെട്ട സ്ത്രീകൾക്കേ ഈ നിർദ്ദേശം ഉപകാരപ്രദമാവൂ.

വാദമുഖങ്ങൾ.

സ്ത്രീക്കെന്തുകൊണ്ട് ഈ സംവരണം അനുവദിക്കണമെന്ന ചോദ്യം ചോദിക്കുന്നവർ പുരുഷമേധാവികളാണ്‌.  സ്ത്രീ സ്ത്രീയാണെന്നും അതുകൊണ്ട് ശാരീരിക ശക്തിയിൽ ഒരു പടി താഴെയാണെന്നും, അതുപോലെ സ്ത്രീ അബലയാണെന്നും പ്രകൃതിയും കാലവും സ്ഥിരീകരിച്ചിട്ടുല്ലതുകൊണ്ട് അബലയായ സ്ത്രീക്ക് ഭരണമേധാവിത്വം അനുവദിച്ചുകൊടുത്താൽ മറ്റൊരുവഴിക്ക് സമൂഹവും പുരുഷനും തിരിഞ്ഞുപോവില്ലേയെന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.

 

അവരുന്നയിക്കുന്ന ചോദ്യങ്ങൾ:

എന്തുകൊണ്ട് ഒരു ശ്രീബുദ്ധൻ പുരുഷനായി?  ഒരു മുഹമ്മദ് നബി പുരുഷനായി?  ലോകജനോല്പത്തിയിൽ സർവശക്തനായ, സർവ്വം നിറഞ്ഞു നിൽക്കുന്ന സർവ്വസംഹാരിയായ (omnipresent-omnipotent-omniscient ) ഒരു പുരുഷദൈവം, പിതാവായ ദൈവം ഉണ്ടായി.

എന്തുകൊണ്ട് ഒരാദവും അതിനുശേഷം ഒരു ഹവ്വയും പിറവിയെടുത്തു.  എന്തുകൊണ്ട് ബ്രഹ്മാവും, വിഷ്ണുവും, ശിവനും പുരുഷരൂപത്തിലുള്ള ത്രിമൂർത്തികളായി.  പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന പുരുഷത്രിത്വം - ഹോളി ട്രിനിറ്റി - ഉണ്ടായി.  ഒരു കൺഫ്യൂഷ്യസും, ഒരു ജൈനമതസ്ഥാപകനും, ഒരു സിക്കുമതസ്ഥാപകനും പുരുഷനായിത്തന്നെ പിറവിയെടുത്തു. 

ചരിത്രസത്യങ്ങളിലൂടെ ഇങ്ങനെ ലഭിച്ചിട്ടുള്ള വിവരണങ്ങൾ അറിയാവുന്നതുകൊണ്ടു തന്നെയാണു സ്ത്രീയുടെ സ്ഥാനം പുരുഷൻ അംഗീകരിച്ച്, എങ്ങിനെയായിരിക്കണമെന്നു സ്ഥാപിച്ച് നിശ്ചയിച്ചിട്ടുള്ളത്.  ബാല്യത്തിൽ പിതാവും യവ്വനത്തിൽ ഭർത്താവും, വാർദ്ധക്യത്തിൽ പുത്രനും സംരക്ഷിച്ചുകൊണ്ട് സ്ത്രീ എന്നുമെക്കാലവും സംരക്ഷണമർഹിക്കുന്നു എന്നാണു മനുസ്മൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്.  ഈ സാഹചര്യത്തിൽ, മനുസ്മൃതിയും വേദങ്ങളും ഉപനിഷത്തുകളും നന്മ നിർദ്ദേശിക്കുന്ന ഇന്ത്യയിൽ, പാർലമെന്റിൽ സ്ത്രീക്കും സംവരണം നൽകി നിയമസഭാ സാമാജികരാക്കണമെന്ന് നിയമം കൊണ്ടുവരണമെങ്കിൽ അതിനു ഇന്ത്യയിലെ സ്ത്രീയുടെ പരിതാപകരമായ അവസ്ഥയായിരിക്കും കാരണം. 

ഇന്ത്യയിലിന്ന്, സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഭ്രൂണഹത്യയും സ്ത്രീകളുടെ ആരോഗ്യപരിപാലന സാധ്യതകളുടെ അപര്യാപ്തതയും മൂലം സ്ത്രീ പുരുഷ അനുപാതം ഞെട്ടിപ്പിക്കുംവിധം സ്ത്രീകൾക്ക് പ്രതികൂലമാണ്‌.  പുതിയതായൊരു നിയമം കൊണ്ടുവന്നാൽ അതുവഴി ജീവിത സാഹചര്യങ്ങളും സ്ത്രീകളുടെ ജീവിതദൈർഘ്യവും മെച്ച്പ്പെടും.

പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകളിൽ അഴിമതിവാസന കുറവായതിനാൽ, രാഷ്ട്രീയത്തിൽ ഒരുപക്ഷേ ഒരു ശുദ്ധീകരണ പ്രക്രിയ തന്നെ നടന്നേക്കും.  സ്ത്രീകൾക്കിങ്ങനെ ഒരു കളിക്കളം ഒരുക്കുകയാണ്‌ ഈ ബില്ല് ചെയ്യുന്നതെന്നും അവർക്ക് പിന്നീട് രാഷ്ട്രീയത്തിലും, തുടർന്ന് സമൂഹത്തിലാകമാനവും ഒരു ശുദ്ധികലശം തന്നെ സാദ്ധ്യമവുമെന്നും ഇതിന്റെ പ്രോക്താക്കൾ പ്രതീക്ഷിക്കുന്നു.  പുരുഷഭൂരിപക്ഷം അടങ്ങുന്ന പ്രോക്താക്കൾ.

 

അപകടങ്ങൾ.

 

പക്ഷേ ഈ ബില്ല് ഇതുപോലെതന്നെ പാസാക്കിയെടുത്താൽ സ്ത്രീപുരുഷന്മാർക്കിടയിൽ സ്പർദ്ധയും വിദ്വേഷവും വർദ്ധിക്കില്ലേ ?  നിയമം എന്റെ കൈയിലാണ്‌, നിന്റെ കൈയിലല്ലായെന്ന പുതിയ ഉണർവ് സ്ത്രീയെ എന്തിനൊക്കെ പ്രേരിപ്പിക്കും ?  സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന സ്ത്രീകൾക്ക് ചിലപ്പോൾ അഹങ്കാരവും ഗർവും വർദ്ധിക്കും.  മറ്റുചിലർക്കത് അവരുടെ ആത്മാഭിമാനത്തിനു്‌ ക്ഷതമേൽക്കലാവും.  അങ്ങനെ സമൂഹത്തിൽ സ്ത്രീക്ക് ഇന്നുള്ള ആദരവ് കുറയും.  സ്ത്രീനേതാക്കൾക്ക് പുരുഷനേതാക്കന്മാരേക്കാൾ നിലവാരവും താഴും.  അല്ലെങ്കിൽ അവരുടെ കാവല്പ്പട്ടികളായിമാത്രം കുറേ പുരുഷന്മാർ അധഃപതിക്കും.  ഇന്നു സോണിയാഗാന്ധിയുടെ ആജ്ഞാനുവർത്തികളായിക്കഴിയുന്ന പുരുഷകേസരികളെപ്പോലെ.

പുരുഷന്മാരുടെ പ്രത്യേകാനുകൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ അവർക്ക് സ്ത്രീകളോടു ശത്രുതാമനോഭാവമേ ഉണ്ടാവൂ.  ഓർക്കുക, ഒരു വലിയ വിഭാഗം സ്ത്രീകൾ അവർക്കെതിരാണിപ്പോഴും, പുറത്തു പ്രക്ടിപ്പിക്കാനാവാതെ.  പാർട്ടികളിൽ സ്ത്രീകൾ പാർട്ടികളുടെ അജണ്ട സ്വീകരിച്ചാലും ഇല്ലെങ്കിലും സംവരണത്തിന്റെ പേരിൽ സ്ത്രീകളെ മാത്രം മത്സരിപ്പിക്കാൻ പാർട്ടികൾ നിർബ്ബന്ധിതരാകും.  മറ്റൊരപകടം- പുരുഷവിരോധികളായ സ്ത്രീകൾ സടകുടഞ്ഞെഴുന്നേറ്റ് രംഗം വഴാനെത്തും.  അവരുടെ ലക്ഷ്യം നാടുഭരിക്കലാവില്ല പ്രത്യുത, പുരുഷസിംഹങ്ങളെ ഒന്നടങ്കം നിലക്കു നിറുത്തുകയായിരിക്കും.  കരുത്തന്മാരായ പുരുഷ നേതാക്കൾ തങ്ങളുടെ മണ്ഡലങ്ങളിൽ സ്ത്രീകളെക്കൊണ്ട് മത്സരിപ്പിച്ച് അധികാരവും ഭരണവും കയ്യാളും. (ലല്ലുപ്രസാദ് യാദവ് ഭാര്യയെ മുഖ്യമന്ത്രിയാക്കിയതുപോലെ.  ജയിലിൽക്കിടന്നുകൊണ്ടാണ്‌ അദ്ദേഹം ഭരണയന്ത്രം തിരിച്ചത്)

സ്ത്രീകൾക്കെന്നു പറയുന്ന സംവരണം ഒരു ശ്രേഷ്ടവർഗ്ഗത്തെമത്രമേ സഹായിക്കൂ. പാവപ്പെട്ടവരും പിന്നോക്കവർഗ്ഗക്കാരുമായ സ്ത്രീകൾക്ക് ഇതു ഗുണം ചെയ്യില്ലെന്നു മാത്രമല്ല അവരുടെ ജീവിതചുറ്റുപാടുകൾ കൂടുതൽ ശോചനീയമാക്കുകയും ചെയ്യും.  ഇത് അനീതിയുടെ ഒരു ദൂഷിതവലയം തന്നെ സൃഷ്ടിക്കും.  നാഷണൽ ഇലക്ഷൻ സ്റ്റഡിയുടെ പഠനപ്രകാരം ഇന്നുള്ള വനിതാ എം.പി. മാരിൽ (ഇന്നു പാർലമെന്റിൽ 59 പേർ) നാല്പതിലധികം പേരും കോടീശ്വരിമാരാണ്‌.  ഇവർക്കാണിനി സംവരണം കൂടി അനുവദിക്കാൻ പോവുന്നത്.  ഇതുകൂടാതെ നിയോജകമണ്ഡലങ്ങൾ മാറി മാറി നിൽക്കണമെന്നു വരുന്നതുകൊണ്ട് ഒരിക്കൽ ജയിച്ച മണ്ഡലത്തോടുള്ള ഉത്തരവാദിത്വവും കടമയും ഇവർക്കു കുറവായിരിക്കും.  തന്റെ കഴിവും സമയവും താൻ ജയിച്ച മണ്ഡലത്തിനുവേണ്ടി ചിലവഴിക്കാൻ ഇവർ തയ്യാറാവുകയുമില്ല. 

പിന്നോക്കനിരയിലുള്ള മുസ്ലീമുകൾക്കും ദളിത് വർഗ്ഗക്കാർക്കും ഇപ്പോഴുള്ള സീറ്റുകൾത്തന്നെ നഷ്ടമാകാൻ ഇടയാകും.  അല്ലെങ്കിൽ സമാന്തരമായി അവർക്കും വേറെ വേറെ സംവരണങ്ങൾ നൽകേണ്ടി വരും ( മുലായം സിംഗ് യാദവും ലല്ലുപ്രസാദ് യാദവും ആവശ്യപ്പെടുന്നതുപോലെ.)

 

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ നോക്കൂ.  ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരാണ്‌ ജനസംഖ്യയിൽ അറുപതു ശതമാനത്തോളം. അവർക്കുവേണ്ടി വ്യത്യസ്ഥമായ ഒരു വനിതാസംവരണരീതിതന്നെ കൊണ്ടുവരേണ്ടിവരും.  കാരണം അവിടെ ഉയർന്ന ജാതിക്കാരുടെ സ്വാധീനവും ഭരണവും കുത്തകാവകാശപ്രാമാണിത്വങ്ങളുമാണ്‌.  സ്ത്രീകൾക്ക് സംവരണം നൽകി തിരഞ്ഞെടുപ്പുനടത്തുന്നതുകൊണ്ടുമാത്രം ഈ ജാതിവ്യവസ്ഥകൾ മാറുകയില്ല ഒരു കാരണവശാലും.  രണ്ടൂയാദവുമാർക്കും ഇതു പകൽ പോലറിയാവുന്ന യഥാർത്ഥ്യമാണ്‌. 

ഫെമിനിസ്റ്റുകൽക്കും സ്ത്രീസമത്വവാദികൾക്കും തത്വത്തിലെന്താണാവശ്യം ? പുരുഷനോടൊപ്പം തുല്യതയാണ്‌ ഇവരുടെ ആഗ്രഹസാഫല്യമെങ്കിൽ അതു വെറും മിഥ്യയല്ലേ ? വെറും നിരർത്ഥകമായ വാദഗതി ! കാരണം, അങ്ങനെയൊരു തുല്യത ഇല്ലായെന്നതുതന്നെ. തനിക്കും പുരുഷനോടൊപ്പം എല്ലാം ചെയ്യാൻ സാധിക്കും, സധിക്കണം എന്നൊക്കെ നിരന്തരമായി ശഠിക്കുന്നതുതന്നെ സ്വന്തം ശരീരഘടനയേയും പ്രകൃതി സ്ത്രീകൾക്കു നൽകിയിട്ടുള്ള സ്ത്രീ സഹജമായ പ്രത്യേകന്നുകൂല്യങളെയും കപടമായി മറച്ചുവക്കുന്നതുകൊണ്ടല്ലേ?

 

പ്രകൃതി അനുഗ്രഹിച്ചനുവദിച്ചിരിക്കുന്നത്, സ്ത്രീ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവയ്പിന്റെയും നിറകുടമാണെന്നതാണ്‌.  മാതൃത്വത്തിൽ പ്രകൃതിയുടെ പ്രജനനപ്രക്രിയ അനുസ്യൂതം തുടർന്നുകൊണ്ടുപോകുന്നതിനാണ്‌ സ്ത്രീയെ പ്രകൃതി നിയോഗിച്ചിരിക്കുന്നത്.  അതിനുവേണ്ടി പുരുഷന്റെ സംഭാവന തീരെ ചെറുതാണ്‌ - അനിവാര്യവുമാണ്‌.

 

ഇന്ത്യയിലോ ലോകത്തു മറ്റെവിടെയോ ആയാലും പുരുഷൻ ഒരല്പം മേധാവിത്വം പുലർത്തിവരുന്നുണ്ട്.

അതിനുദാഹരണങ്ങളാണ്‌ ലോകത്തെവിടെയുമുള്ള സാമൂഹ്യമാനദണ്ഡങ്ങൾ.

 സ്വിറ്റ്സർലന്റ് എന്ന മഹത്തായ, കൊച്ചു രാജ്യത്തു്‌ തുല്യസേവനത്തിനുള്ള വേതനം പോലും ഈ 21 )ം നൂറ്റാണ്ടിലും സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ കുറവാണ്‌.  (സ്വിറ്റ്സർലന്റിൽ അടുത്തുവരുന്ന കേന്ദ്രകാബിനറ്റു തിരഞ്ഞെടുപ്പിൽ അവസരങ്ങൾ തുണച്ചാൽ ആകെയുള്ള ഏഴു ക്യാബിനറ്റു മന്ത്രിമാരിൽ അഞ്ചുപേരും വനിതകളായിരിക്കും).  എന്നിരുന്നാലും തുല്യജോലിക്ക് തുല്യവേതനം എന്ന പ്രത്യാശ വെറും മോഹഭംഗമായിത്തന്നെ അവശേഷിക്കും, കാരണം അതിനേക്കാൾ വലിയ വിശദീകരണങ്ങൾ ഈയവസ്ഥക്കു പിറകിലുണ്ടെന്നതുതന്നെ!ഇന്ത്യയിൽ വനിതാസംവരണം വേണ്ടേ ?

പക്ഷേ സാധുക്കളായ ഇന്ത്യയിലെ സ്ത്രീജനങ്ങൾ വനിതാസംവരണം അർഹിക്കുന്നു.  ഈ വനിതാ സംവരണം എങ്ങിനെയാവണം ?  അന്താരഷ്ട്ര തൊഴിൽ സംഘടനയുടെ പഠന റിപ്പോർട്ടു പ്രകാരം ലോകത്തിലെ പ്രായപൂർത്തിയായ മനുഷ്യരിൽ 50% സ്ത്രീകളാണെങ്കിലും, ലോകതൊഴിൽശക്തിയുടെ 1/3 ഭാഗം സ്ത്രീകളാണെങ്കിലും, ഇവരിൽ 2/3 ഭാഗവും പ്രവർത്തനനിരതരാണെങ്കിലും, അവർക്കുലഭിക്കുന്നത് മൊത്തവരുമാനത്തിന്റെ 1/10 ഭാഗം മാത്രമാണ്‌!

അതുപോലെ സ്ത്രീകളുടെ സമ്പത്ത് ലോകത്തിലെ മൊത്തം സമ്പത്തിന്റെ ഒരു ശതമാനം മാത്രവും.  അത്രയും ശോചനീയമായ അവസ്ഥയിലാണ്‌ സ്ത്രീ താഴേക്കിടയിൽ നിൽക്കുന്നതെങ്കിൽ അവർക്കു സംവരണം അനുവദിക്കേണ്ടത് ഒരാവശ്യവും അവകാശവും അനിവാര്യതയുമാണ്‌. ഇന്ത്യയിലെങ്കിലും. പക്ഷേ അവിടെയാണിനിയത്തെ ചോദ്യം.

 

തിരഞ്ഞെടുപ്പിനു സ്ഥാനാർത്ഥിയായി നിന്നു ജയിക്കുക എന്നത് ഏതൊരു ജനായത്ത ഭരണസംവിധാനത്തിന്റെയും യുക്തവും നീതിപൂർവകവുമായ രീതിയാണ്‌.  അതിന്‌ ഏതൊരു സ്ത്രീക്കും പുരുഷനും തുല്യാവകാശവുമുണ്ട്.  ഈയവകാശം ഹനിക്കപ്പെടാൻ പാടില്ല.  പിന്നെയിനിയെന്തുചെയ്യും ?

സകല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ കൃത്യം കൃത്യമായി പുരുഷസ്ഥാനാർത്ഥികളെയും സ്ത്രീസ്ഥാനാരത്ഥികളെയും നിറുത്തട്ടെ.  ഇത്‌  50% -50% തന്നെയായിരിക്കട്ടെ.  വോട്ടുചെയ്യാനുള്ള അവകാശവും ഒരു സ്ത്രീക്കും പുരുഷനും നിഷേധിക്കാൻ പാടില്ല.  അവിടെ വിവേചനം പാടില്ല, എന്നുവച്ചാൽ വോട്ടുചെയ്തു ഒരു സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥിനിയെയോ ജയിപ്പിച്ചയക്കാനുള്ള സമ്മതിദായകരുടെ സ്വാതന്ത്ര്യം എല്ലവർക്കും പൂർണ്ണമായിരിക്കണമെന്നതുതന്നെ.  അങ്ങനെ വോട്ടുകിട്ടി പുരുഷനോടൊപ്പം സ്ത്രീയും ജയിച്ചുവരട്ടെ.

ഇന്നു പല ലോകരാഷ്ട്രങ്ങളിലെ പാർലമെന്റുകളിലും സ്ത്രീകൾക്കു കൂടുതൽ സീറ്റു കിട്ടിയിട്ടുണ്ടെങ്കിൽ (ജർമൻ പർലമെന്റിൽ ഇത് 32% ഉം അമേരിക്കയിൽ 23% ഉം ആണ്‌)  അവർ വ്യക്തമായ, കൃത്യമായ വോട്ടുകൾ നേടി വന്നതാണ്‌.  അവിടെ അവരൊന്നും സംവരണത്തിലൂടെ ജയിച്ചുവന്നവരല്ല. 

 

വനിതകൾക്ക് മത്സരിക്കാൻ അവസരം കൊടുക്കേണ്ടത് രാഷ്ടീയ പാർട്ടികളാണ്‌. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ എല്ലാ രാഷ്ട്രീയപാർട്ടികളും നിർബ്ബന്ധമായും സ്ത്രീ പുരുഷ അനുപാതം 1:1 ആക്കണം.  അങ്ങനെ വനിതകളും പുരുഷന്മാരോടൊപ്പം വോട്ടുകൾ നേടി ജനസമ്മതി നേടി ജയിച്ചു വരട്ടെ. അവർക്കെതിരേ യാതൊരു വിധ സ്പർദ്ധയും വിദ്വേഷവും പുരുഷസമൂഹത്തിൽനിന്നുണ്ടാവുകയില്ല.  അവർതമ്മിൽ അടികലശലുകൾക്കും കാരണമില്ല.  സമ്മതിദായകരാണു തങ്ങളെ ജയിപ്പിച്ചു വിട്ടിരിക്കുന്നതെന്ന വ്യക്തമായ ധാരണയും (വെറുതെ ഔദാര്യത്തിനു കിട്ടിയ സംവരണം കൊണ്ടുണ്ടായ നേട്ടമല്ല അതെന്ന്). അതുമൂലം, പ്രകടമായ ഉത്തരവാദിത്വവും ഇക്കൂട്ടർ കാണിക്കും.  പുരുഷനിയമസഭാസാമാജികരെപ്പോലെതന്നെ ജനങ്ങളോടു കൂറും മതിപ്പും അവർക്കു തോന്നും.  അതാണിന്ത്യ ഇനി ചെയ്യേണ്ടത് ലോകരാഷ്ട്രങ്ങൾക്കു മാതൃകയായി. 

 

അതല്ലാതെ ഏതു സ്ഥാനാർത്ഥിക്ക് താൻ വോട്ടൂ ചെയ്യണം, അതൊരു വനിതക്കു മാത്രമേ പാടുള്ളൂ, (ഒരു പുരുഷനു മാത്രമേ വോട്ടു ചെയ്യൂ എന്നു ശഠിക്കുന്നതുപോലെതന്നെ!) എന്ന നിബന്ധന നിയമം മൂലം ഉണ്ടാക്കുന്നത്, നിയമനിർമ്മാണം മൂലം വോട്ടവകാശത്തെ നിയന്ത്രിച്ചു നിറുത്തുന്നത്, കടിഞ്ഞാണിടുന്നത് സ്വതന്ത്രമായ സമ്മതിദാനവിനിയോഗത്തിന്‌ ഘടകവിരുദ്ധമാണ്‌.  അങ്ങനെയൊരു നിയമം മൗലികാവകാശലംഘനവും.

ജോർജ്ജ് ഓടത്തെക്കൽ.